2013, ഡിസംബർ 8, ഞായറാഴ്‌ച

ആരാണ് കെജ്‍രിവാള്‍?

ഗോബിന്ദ് റാന്‍ കെജ്‍രിവാളിന്റെയും ഗീതാദേവിയുടെയും 1968 ആഗസ്ത് 16ന് ഹരിയാനയിലെ ഹിസാരില്‍ ബനിയ കുടുംബത്തിലാണ് കെജ്‍രിവാളിന്റെ ജനനം . ജന്‍മനാടായ ഹിസാര്‍,  സോനാപാത്, ഗാസിയാബാദ് എന്നിവിടങ്ങളിലായിരുന്നു കുഞ്ഞു കെജ്‍രിവാളിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഐ.ഐ.ടി ഖാരക്പൂരില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1989ല്‍ ടാറ്റാ സ്റ്റീലില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. 1992ല്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കാനായി അദ്ദേഹം ടാറ്റാസ്റ്റീലിലെ ജോലി ഉപേക്ഷിച്ചു. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്ത് കൊല്‍കത്തിയിലെ രാമകൃഷ്ണ മിഷനിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ജയിച്ചു കയറിയ കെ‍ജ്‍രിവാള്‍ 1995ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ സര്‍വ്വീസിലെ തന്റെ സേവനം ആരംഭിച്ചു.
ആദായ നികുതി, വൈദ്യുതി, റേഷന്‍ തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി 1999ല്‍ അദ്ദേഹം പരിവര്‍ത്തന്‍ എന്ന  സംഘടന ആരംഭിച്ചു.
ആദായ നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണരായിരിക്കേ അദ്ദേഹം സാമൂഹ്യ സേവനത്തിനായി മുഴുവന്‍  സമയവും ചെലവഴിക്കാന്‍ 2006ല്‍ ജോലി രാജിവെച്ചു.
വിവരാവകാശ നിയമം ജനനന്മക്ക് ഉപയോഗപ്പെടുത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലും അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലും 2006ല്‍ അദ്ദേഹം മാഗ്‍സെസെ അവാര്‍ഡിന് അര്‍ഹനായി.
2006ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹം മാഗ്സാസെ അവാര്‍ഡിന് ലഭിച്ച സമ്മാനത്തുക താന്‍ സ്ഥാപിച്ച എന്‍.ജി. ഒ ആയ പബ്ലിക് കോസ് റിസര്‍ച്ച് ഫൌണ്ടേഷന് ദാനം ചെയ്തു.
അധികാര വൃത്തങ്ങളിലെ നാറുന്ന അഴിമതിക്കഥകള്‍ തുറന്നു കാട്ടാന്‍ വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് കെജ്‍രിവാള്‍. ആദായ നികുതി വിഭാഗം, ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍, ദല്‍ഹി ഇലക്‍ട്രിസിറ്റി ബോര്‍ഡ് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നടമാടുന്ന അഴിമതിയും സ്വജന പക്ഷപാതവും പലപ്പോഴും ഒറ്റയാള്‍ പോരാട്ടത്തിലൂടെ കെജ്‍രിവാള്‍ ജനസമക്ഷം കൊണ്ടു വന്നു.
അന്നാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ദ സമരത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ലോക് പാല്‍ ബില്ലിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായപ്പോള്‍  ജനലോക ബില്ലിന്റെ കരടു രൂപം തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയില്‍ പൌര സമൂഹത്തിന്റെ പ്രതിനിധിയായി കെജ്‍രിവാള്‍. ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍  കെജ്‍രിവാളിന് ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
2012 നവംബര്‍ 26ന് ദല്‍ഹിയില്‍ വെച്ചാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് കെജ്‍രിവാള്‍ തന്റെ പൊതു ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്നു. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ സാധാരണക്കാരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പാര്‍ട്ടി നിലകൊള്ളുന്നതെന്നാണ് കെജ‍്‍രിവാളിന്റെ വാദം.
  ഒരു വര്‍ഷം തികഞ്ഞ ഉടനെ തന്നെ ആം ആദ്‍മി തെരഞ്ഞെടുപ്പിന്റെ ചുടിലേക്ക് എറിയപ്പെട്ടു. കടുത്ത ആം ആദ്‍മി ആരാധകനെ പോലും സ്തബ്ധരാക്കുന്ന രീതിയുലുള്ള സ്വപ്നക്കുതിപ്പ് നടത്തുകയും ചെയ്തു.
ക്ലീന്‍ ഇമേജുള്ള ഷീലാദീക്ഷിതിനെ അട്ടിമറിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ കെജ്‍രിവാള്‍ പുത്തനധ്യായം തീര്‍ക്കുമ്പോള്‍ അത് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള മുന്നേറ്റമാവുമോ എന്നറിയാന്‍ അടുത്ത ലോക്‍സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. ചെറിയ ചുവടുകളില്‍ നിന്നാണ് വലിയ ചുവടുകള്‍ ഉണ്ടാകുന്നതെന്ന് കെജ്‍രിവാള്‍ ഒരു മുഴം മുന്നേയെറിഞ്ഞിട്ടുണ്ട്.