അഡ്വ. കെ.എന്‍.എ ഖാദര്‍

അതേ സമയം, ഇന്ത്യയെ ഒരു വന്‍ സാമ്പത്തിക ശക്തിയാക്കാനുള്ള അതിന്റെ പരിശ്രമങ്ങള്‍ ത്വരിതഗതിയിലാക്കണം. ചേരിചേരാ പ്രസ്ഥാനത്തിന്റെ കാലം കഴിഞ്ഞുപോയെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ ദാസ്യവൃത്തി ചെയ്യുന്നവരെന്ന ആക്ഷേപം കേള്‍ക്കാന്‍ ഇടയാക്കുന്ന യാതൊരു നടപടികളും ഉണ്ടാവരുത്. അഴിമതിക്കാരായ ആരോടും പാര്‍ട്ടിക്കകത്തോ പുറത്തോ ആയാലും സന്ധി ചെയ്യരുത്. സ്ത്രീകള്‍, കുട്ടികള്‍, തൊഴില്‍ രഹിതര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വാര്‍ദ്ധക്യം ബാധിച്ചവര്‍, രോഗികള്‍, അവശര്‍ തുടങ്ങി സകലരോടും കോണ്‍ഗ്രസിന്റെ നിലപാട് ഒരു രക്ഷകന്റെ വേഷത്തിലായിരിക്കണം. ഇതൊക്കെയാണ് ജനങ്ങള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ആ പാര്‍ട്ടിയുടെ നേതൃത്വം അടിയന്തരമായി ഈ വഴിക്കു പോകുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധം ചിലത് പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പ് കാലത്തൊരു നയവും ഭരണത്തിലേറിയാല്‍ മറ്റൊന്നും ഉണ്ടാവരുത്. ഇതൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് അതിവേഗം പതിവുപോലെ തള്ളിക്കളയാവുന്നതാണ്. കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങളും നയപരമായ വ്യതിയാനങ്ങളും പ്രവര്‍ത്തന ശൈലിയും രാജ്യതാല്‍പര്യങ്ങളുമായും ജനജീവിതവുമായും അടുത്തു ബന്ധപ്പെട്ടാണിരിക്കുന്നതെന്ന യഥാര്‍ത്ഥ്യം അവര്‍ അറിയേണ്ടതാണ്.
കോണ്‍ഗ്രസുപോലെ മഹത്തായ ഒരു പാര്‍ട്ടിയുടെ നയനിലപാടുകളും ജയപരാജയങ്ങളും രാഷ്ട്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുമെന്നതിനാല്‍ ഈ വിഷയം അതിപ്രധാനമാണ്. ജനം ഓരോ തെരഞ്ഞെടുപ്പിലും ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയേയോ സഖ്യത്തേയോ സ്വീകരിക്കുന്നത് പാര്‍ട്ടി എന്ന നിലയിലല്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആ പാര്‍ട്ടിയുടെ നയവും ശൈലിയും പര്യാപ്തമാണോ എന്ന് നോക്കിയാണ്. ഒരു കൊടിയുടെ നിറത്തിനോ നേതാവിന്റെ വ്യക്തിത്വത്തിനോ രണ്ടാം സ്ഥാനമേ പൊതുജനം കല്‍പ്പിക്കുകയുള്ളൂ.
ഓരോ പാര്‍ട്ടിയുടെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കൊടിയും നേതാവുമൊക്കെ വലുതായിരിക്കും. തന്റെ പാര്‍ട്ടി സ്വീകരിക്കുന്ന ഏത് ജനവിരുദ്ധ നയത്തെയും ആ പാര്‍ട്ടിക്കാര്‍ കാലാകാലവും പിന്താങ്ങിക്കൊള്ളും. അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ കൂടി ആ പാര്‍ട്ടിയുടെ വിജയപരാജയങ്ങളോട് ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. പൊതുജനങ്ങള്‍ക്ക് ഇതൊന്നും ബാധകമേയല്ല. ആ സത്യം പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ വിസ്മരിക്കുന്നു. പാര്‍ട്ടിയുടെ നേതൃത്വവും ഭരണവും ഏതു വഴിക്കുപോയാലും അതിനെ ശരിവെക്കുകയും ന്യായീകരിക്കുകയും ചെയ്യുകവഴി പാര്‍ട്ടി പൊതുജനങ്ങളില്‍ നിന്ന് അകറ്റപ്പെടുന്നു.
നേതൃത്വം തെറ്റുകള്‍ തിരച്ചറിയാനുള്ള സാധ്യത മങ്ങുന്നു. സത്യം ഒളിച്ചുവെക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനം എല്ലാം വെളിച്ചത്തു കൊണ്ടുവരുന്നു. വോട്ടു ചെയ്യുന്നതിലൂടെ ജനങ്ങള്‍ ജനാധിപത്യത്തില്‍ അവരുടെ നയനിലപാടുകള്‍ പ്രഖ്യാപിക്കുകയാണ്. അത് സ്വീകരിക്കുകയും മനസ്സിലാക്കുകയും വേണം. ഒരു രാഷ്ട്രീയ കക്ഷിയും ഭരണത്തില്‍ വരുന്നതും ജയിക്കുന്നതും അവരുടെ പാര്‍ട്ടി മെമ്പര്‍മാരുടെയും അനുഭാവികളുടെയും വോട്ടു കൊണ്ടല്ല. ജനങ്ങള്‍ മഹാഭൂരിപക്ഷവും പാര്‍ട്ടികള്‍ക്ക് പുറത്താണ്.
ഇന്ത്യയിലെ സകല രാഷ്ട്രീയ കക്ഷികളിലും അംഗമായിട്ടുള്ളവരുടെ അംഗസംഖ്യ ചേര്‍ത്തുവെച്ചാല്‍പോലും അതൊരു ചെറിയ ന്യൂനപക്ഷമായിരിക്കും. ഒരു പാര്‍ട്ടിയിലും അംഗമാകാത്തവരും തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും തലച്ചോറും പണയം വെക്കാത്തവരുമായ ഒരു വന്‍ജനാവലി രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളെ സദാ ജാഗ്രതയോടെ നിരീക്ഷിച്ചുവരുന്നുണ്ട്. അവര്‍ ഓരോ തെരഞ്ഞെടുപ്പിലും കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ഗുണദോഷങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുകയാണ് പതിവ്. ഈ വിഭാഗമാണ് ജനാധിപത്യത്തിലെ യഥാര്‍ത്ഥ യജമാനന്‍മാര്‍.
അവര്‍ക്ക് തെറ്റുകള്‍ സംഭവിക്കാറുണ്ട്. അത് രാജ്യത്തിന് നാശകരമായി തീരാറുമുണ്ട്. അവരെ പ്രചാരണ കോലാഹലങ്ങളിലൂടെ ചിലപ്പോള്‍ വഴിതെറ്റിക്കുവാന്‍ ചിലര്‍ക്ക് കഴിഞ്ഞെന്നും വരാം. ഒരു രാഷ്ട്രീയ കക്ഷിയുടെ ശരിയായ ഇടപെടലുകളിലൂടെയും ചെയ്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയും മാത്രമെ സത്യം ഗ്രഹിക്കുവാന്‍ ജനങ്ങള്‍ക്ക് കഴിയുകയുള്ളൂ.
അറിവും പരിചയവും വിദ്യാഭ്യാസവും കൊണ്ട് കാര്യങ്ങള്‍ സ്വന്തമായി വിലയിരുത്തുവാന്‍ ആളുകള്‍ക്ക് പ്രാപ്തി കൈവരുമ്പോള്‍ ജനാധിപത്യത്തിന് അതൊരു മുതല്‍കൂട്ടാവും. അഴിമതിയും സ്വജനപക്ഷപാതവും കഴിവുകേടും ജീര്‍ണ്ണതകളുമൊക്കെ ജനം വേഗം തിരിച്ചറിയും. ആരു മറച്ചുവെക്കാനാഗ്രഹിച്ചാലും എല്ലാ സത്യങ്ങളും പുറത്തുവരും.
ഭരിക്കുന്നവര്‍ എന്തു തെറ്റുകള്‍ ചെയ്താലും അതാരും ഒരിക്കലും കണ്ടുപിടിക്കപ്പെടുകയില്ലെന്ന് ധരിക്കരുത്. അതിനെ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നതില്‍ ജനം വീഴ്ച വരുത്തിയാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുവാന്‍ അതു ഭരണാധികാരികള്‍ക്കു പ്രേരണയാവും. സദാ ജാഗ്രത പുലര്‍ത്തുന്ന ജനതക്കു മാത്രമെ ജനാധിപത്യം ശരിയായി സംരക്ഷിക്കുവാന്‍ കഴിയുകയുള്ളൂ.
ജനങ്ങളുടെ അഭിപ്രായങ്ങളും ചിലപ്പോള്‍ സത്യത്തോടു ചേര്‍ന്നു പോകുന്നതാവണമെന്നില്ല. അവരെ നേര്‍വഴിക്കുനയിക്കുവാനുള്ള ബാധ്യതകളും രാഷ്ട്രീയ കക്ഷികള്‍ക്കു തന്നെയാണ്.
ഇപ്പോള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചുവെന്നു കരുതാനാവില്ല. മിസോറാമില്‍ ഒഴികെ ഒരിടത്തും ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിനായില്ല. കനത്ത പരാജയം കോണ്‍ഗ്രസിനു സംഭവിച്ചു. ആം ആദ്മി പാര്‍ട്ടിയും കെജ്‌രിവാളും നേടിയ വിജയം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. കോണ്‍ഗ്രസ് വിരുദ്ധത പങ്കുവെക്കുവാന്‍ ആ പാര്‍ട്ടിക്കും ബി.ജെ.പിക്കും സാധിച്ചുവെന്നു മാത്രം.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് വഴിയൊരുങ്ങുമ്പോള്‍ വീണ്ടും ഭരണാധികാരം കോണ്‍ഗ്രസില്‍ തന്നെ എത്തുകയും ചെയ്യും.
ബി.ജെ.പിയെ അധികാരത്തിലേറ്റുവാന്‍ ജനം ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ക്ക് തല്‍ക്കാലം മാപ്പില്ലെന്നും തീരുമാനിച്ച വോട്ടര്‍ മറ്റൊരു ബദല്‍ സംവിധാനം ആഗ്രഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഡല്‍ഹി ഫലം. ഷീല ഒന്നാം തരം മുഖ്യമന്ത്രിയായിരുന്നു. ആളുകള്‍ക്ക് അവരെ ഇഷ്ടവുമായിരുന്നു. ഭേദപ്പെട്ട മറ്റൊന്നിനെ അവര്‍ സ്വീകരിച്ചുവെന്നുമാത്രം. ആം ആദ്മി ഒരു ശരിയായ രാഷ്ട്രീയ കക്ഷിയായി തീര്‍ന്നിട്ടില്ല. സംഘടനാപരമായ ചട്ടവട്ടങ്ങളോ നയപരമായ കാര്യങ്ങളോ പക്വമായി കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ അടുത്ത തെരഞ്ഞെടുപ്പോടെ ആ പാര്‍ട്ടി അപ്രത്യക്ഷമാവാനും സാധ്യതയുണ്ട്. അങ്ങിനെ ചിലര്‍ വരികയും പോകുകയും ചെയ്യുക രാഷ്ട്രീയത്തില്‍ പുതുമയില്ലാത്തതാണ്. എങ്കിലും നിസ്സാരമെന്നു കരുതിയവര്‍ അത്ര ചെറുതല്ലെന്നു തെളിയിച്ചു. നഷ്ടം കോണ്‍ഗ്രസിനു തന്നെ.
125 വര്‍ഷക്കാലത്തെ പാരമ്പര്യവും അനുഭവ സമ്പത്തും കൈമുതലായിട്ടുള്ള കോണ്‍ഗ്രസിനെ തല്‍ക്കാലം വെള്ളം കുടിപ്പിക്കുവാന്‍ ഇന്നലെ പെയ്ത മഴക്ക് ഇന്നു കുതിര്‍ത്തവര്‍ക്ക് കഴിഞ്ഞു. രാഷ്ട്രീയത്തിലെ കൊടുംചൂടില്‍ ആ ചെടി താമസിയാതെ കരിഞ്ഞുപോയേക്കാം. എങ്കിലും ഡല്‍ഹി നല്‍കുന്ന പാഠവും പഠിക്കേണ്ടതുതന്നെ. മധ്യപ്രദേശില്‍ ശിവരാജ്‌സിങ് ചൗഹാന്‍ ജനപ്രീതിയുള്ള മുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാനിലും എം.പിയിലും ബി.ജെ.പിക്കുണ്ടായ നേട്ടത്തില്‍ പ്രാദേശിക ചുവയുണ്ട്. ദേശീയ തലത്തില്‍ മോഡി ഉണ്ടാക്കിയെടുക്കുവാന്‍ ശ്രമിക്കുന്ന പ്രതിച്ഛായയുടെ സ്വാധീനം അതില്‍ ഏറെയില്ലെന്നു കരുതാം. എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിന് കാലതാമസം നേരിടുമെന്ന് ഉറപ്പാണ്.
ഛത്തീസ്ഗഡിലും സ്ഥിതി വ്യത്യസ്ഥമല്ല. അജിത് ജോഗിയുടെ നഷ്ടപ്രഭാവവും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യവും പരാജയത്തിനു കാരണമായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അടിസ്ഥാനപരമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ സംഘടനാതലത്തിലും നയനിലപാടുകളിലും പ്രവര്‍ത്തന ശൈലിയിലും വരുത്തുക ഒരു പാര്‍ട്ടിക്കും എളുപ്പമാവില്ല. വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനു പ്രത്യേകിച്ചും. സമയം പരിമിതമാണ്. പക്ഷേ നല്ലൊരു കിടിലന്‍ തുടക്കം കുറിക്കാനാണ് ശ്രമിക്കേണ്ടത്. കിടിലന്‍ എന്ന പ്രയോഗം ഇവിടെ നടത്തിയത് ഓപ്പറേഷന്‍ തന്നെ. ചെറുതുപോര എന്ന അര്‍ത്ഥത്തിലാണ്. സോണിയ ഗാന്ധിയും രാഹുലും കൂടുതല്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുപ്പ് വിധിയോടുള്ള പ്രതികരണം അത് ശക്തമായി തോന്നിയില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിര ഇപ്പോഴും സമ്പന്നമാണ്. കൂട്ടായ ഒരു ശ്രമത്തിലൂടെ മാത്രമെ ആ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനാവൂ. കേരളത്തില്‍ സ്ഥിതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. എന്നും കേരളം അങ്ങിനെയായിരുന്നു. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയൊന്നാകെ ഇന്ദിരക്കും കോണ്‍ഗ്രസിനുമെതിരെ വിധിയെഴുതിയപ്പോള്‍ മറിച്ചൊരു വിധിയാണ് കേരളം പ്രഖ്യാപിച്ചത്. പ്രാദേശികമായ ചില അനുകൂല സാഹചര്യങ്ങളും അന്ന് ഇവിടെ കോണ്‍ഗ്രസിനെ തുണച്ചു. കേരളത്തില്‍ ശക്തമായി ചില മാറ്റങ്ങള്‍ക്ക് ഐക്യജനാധിപത്യമുന്നണിയും കോണ്‍ഗ്രസും ഇതര ഘടക കക്ഷികളും ധൈര്യം കാണിക്കണം.
ഓരോ ഘടക പാര്‍ട്ടികളും ഇന്നു തുടരുന്ന സംഘടനാ രീതികള്‍ പലപ്പോഴും അരാജകത്വപരമാണ്. ഒന്നും നേരെയാവില്ലെന്ന് വിധിയെഴുതരുത്. ആരുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വഴങ്ങാതെ ഓരോ പാര്‍ട്ടിയും അവരവരുടെ കക്ഷിയെ ഫലവത്താക്കി തീര്‍ക്കണം. ഘടക കക്ഷികളും മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പരമാവധി ഈടുറ്റതാക്കി മാറ്റണം. പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമെ ഇവിടെയുള്ളൂ. നീന്താനെല്ലാവര്‍ക്കുമറിയാം. പക്ഷേ വെള്ളത്തിലിറങ്ങാന്‍ കാണിക്കുന്ന വിമുഖത ഉപേക്ഷിക്കണം.
പരസ്യ വിവാദങ്ങളോ തര്‍ക്കങ്ങളോ കാര്യമായ ഫലം ചെയ്യില്ല. ഓരോരുത്തരും എവിടെ നില്‍ക്കുന്നു എന്നത് ഇതിനകം ജനത്തിനു ബോധ്യമായിട്ടുണ്ട്. ഈ സര്‍ക്കാര്‍ ചെയ്ത ഒട്ടനേകം നല്ല കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കണം. വന്‍ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടനെ തുടക്കം കുറിക്കണം. ഒരുമിച്ച് നിന്ന് അതു ചെയ്യുവാന്‍ കഴിയണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇടതു പക്ഷങ്ങളും കേരളത്തില്‍ ഒരു വര്‍ഷമായി നടത്തിപ്പോരുന്ന നുണ പ്രചരണങ്ങളെ ഉടന്‍ മറികടക്കണം. ആദ്യ രണ്ടു വര്‍ഷം ഇടതുപക്ഷമുന്നണിയിലെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേയും അനൈക്യം കാരണം അവര്‍ നിശബ്ദരായി. യു.ഡി.എഫ് സര്‍ക്കാറിന്റെ ജനോപകാര നടപടികളില്‍ അവര്‍ പകച്ചു പോയി. എല്ലാം നശിച്ചെന്ന് കരുതി ഇടതുപക്ഷം നിരാശയുടെ പടുകുഴിയിലായിരുന്നു.
പിന്നീട് അവര്‍ മുങ്ങിപ്പോയ രാഷ്ട്രീയക്കയങ്ങളില്‍ നിന്ന് കയറാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഭരണ കക്ഷിയുടെ അലസതയും അനൈക്യവും കാരണം ഏറെ കുറെ അവര്‍ തിരിച്ചു വരാന്‍ തുടങ്ങി. ഇപ്പോഴും അവര്‍ നാശത്തിന്റെ വക്കില്‍ തന്നെയാണ്. ഐക്യജനാധിപത്യമുന്നണിയുടെ വീഴ്ച്ചകള്‍ അവര്‍ക്കു നല്‍കിയ ആത്മവിശ്വാസം തകര്‍ക്കാവുന്ന നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ നില തുടരുന്നതായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് ഊഹിക്കുവാന്‍ അധിക വിവരമൊന്നും വേണ്ട. തെരഞ്ഞെടുപ്പ് അകലെയല്ല. സമയം പരിമിതവുമാണ്. ഇരിക്കുന്നകൊമ്പെങ്കിലും മുറിക്കാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്. ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോ വരാന്‍ പോവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോ എന്തായാലും അവസാനത്തേതല്ല. ജാഗ്രത പുലര്‍ത്തുന്നവര്‍ക്കും ജനങ്ങളുടെ വിധി മാനിച്ച് ആരെയും കൂസാതെ തെറ്റു തിരുത്തുന്നവര്‍ക്കും തിരിച്ചു വരാം.