2013, ഡിസംബർ 21, ശനിയാഴ്‌ച

അമേരിക്കയ്ക്കെതിരെ വാളെടുക്കും മുമ്പ് ..

അമേരിക്കയ്ക്കെതിരെ വാളെടുക്കും മുമ്പ് ............ അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കൗണ്‍സിൽ ജനറല്‍ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്യുകയും ജയിലിൽ വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും മയക്കുമരുന്ന് കേസ് പ്രതികൾക്കൊപ്പം താമസിപ്പിക്കുകയും ചെയ്ത നടപടിയോടുള്ള പ്രതിഷേധമാണ് ഫേസ് ബുക്കിൽ എങ്ങും. നമ്മുടെ സാഹചര്യങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ അമേരിക്കൻ പൊലിസിന്റെ / അധികൃതരുടെ നടപടി തീർത്തും അപലപനീയമാണ്. പക്ഷെ ഓരോ രാജ്യത്തും അവരുടെതായ എഴുതപ്പെട്ട നിയമങ്ങൾ ഉണ്ട്. ഇന്ത്യയിൽ നിയമങ്ങൾ ഉണ്ടെങ്കിലും അതാരും പാലിക്കാറില്ല എന്ന് വച്ച് എല്ലാ രാജ്യങ്ങളും അതേപോലെ ആയിരിക്കണമെന്ന് നമ്മൾക്ക് എങ്ങനെയാണ് വാശിപിടിക്കാൻ പറ്റുക. ഭോപ്പാൽ വാതക ദുരന്തത്തിന് ഉത്തരവാദികളായവരെ, ബൊഫോർസ് കേസ്സിലെ പ്രധാനപ്രതികളെ, കടൽകൊല കേസ്സിലെ പ്രതികളെ തുടങ്ങി വിദേശികളായ ഏതാണ്ട് എല്ലാ കുറ്റവാളികൾകക്കും രാജ്യം വിടാൻ നമ്മുടെ ഗവണ്മെന്റുകൾ അവസരം ഒരുക്കികൊടുത്തിരുന്നു, അത് നമ്മുടെ കഴിവുകേട്‌. ചില കേസുകളിൽ അമേരിക്കയും ഇങ്ങനെ ചെയ്തിട്ടുണ്ടാവാം. ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്തത് വിസയിൽ കൃത്രിമം കാട്ടി എന്നാരോപിച്ചാണ്. അവിടുത്തെ നിയമ പ്രകാരം മണിക്കൂറിനു 9.75 ഡോളറാണ് വീട്ടുവേലകാരിക്ക് കൊടുക്കേണ്ട മിനിമം വേതനം. ലേബർ കോണ്‍ട്രാക്റ്റിൽ മിനിമം വേതനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും വെറും 3 ഡോളറാണ് വീട്ടുവേലകാരിക്ക് ദേവയാനി നല്കിവന്നത്. അവിടുത്തെ നിയമ പ്രകാരം 10 വർഷം വരെ തടവ്‌ ലഭിക്കുന്ന കുറ്റമാണിത്. വീട്ടുവേലക്കാരി പോലീസിൽ പരാതിനല്കുകയും പരാതി ശരിയാണ് എന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പൊലിസ് അവരെ അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്യുന്ന സമയത്ത് അവർ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവരെ നേരെ കോടതിയിൽ ഹാജരാക്കുകയാണ് അവിടുത്തെ രീതി, അതല്ലാ എങ്കിൽ പൊലിസ് കസ്റ്റടിയിൽ വെക്കും. ദേവയാനി കുറ്റം സമ്മതിച്ചില്ല എന്ന് മാത്രമല്ല അറസ്റ്റിനു വിസമ്മതിച്ചു എന്നാണ് കേൾക്കുന്നത്. പൊലീസ് സ്റ്റേഷനിലെ സെല്ലിൽ കയറ്റുന്നതിനു മുമ്പ് സാധാരണ നടത്താറുള്ള ദേഹപരിശോധന അവർക്കും നടത്തി, കുറ്റം തെളിയിക്കപെടാതെ തടവിൽ കഴിയുന്ന മറ്റു പ്രതികളുടെ കൂടെ അവരെയും താമസിപ്പിച്ചു. ഇന്ത്യയിൽ രാഷ്ട്രീയക്കാർക്കും ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കും പൊലീസ് കസ്റ്റഡിയിലും ജയിലിലും മറ്റും വി ഐ പി പരിഗണന കിട്ടുന്നുണ്ട്‌, അത് അന്യ രാജ്യത്തും കിട്ടണമെന്നാണോ? പിന്നെ, ഈ അറസ്റ്റിനെതിരെ നമ്മുടെ ഗവണ്മെന്റ് എടുക്കുന്ന കടുത്ത നടപടികൾക്ക് പിന്നിൽ രണ്ടു കാര്യങ്ങളാണ്. ഒന്ന്, വരാൻ പോകുന്ന തെരെഞ്ഞെടുപ്പ്. കടുത്ത നടപടികൾ എടുത്തു എന്ന് കാണിച്ചില്ലെങ്കിൽ ബിജെപി അത് ആയുധമാക്കും(ആം ആദ്മി പാര വേറെ). രണ്ട്, മുംബൈ ആദർശ് ഫ്ലാറ്റ് കുംഭകോണത്തിലെ പ്രധാന പ്രതികളിൽ ഒരാളായ, മഹാരാഷ്ട്ര IAS കേഡറിൽ നിന്നും വിരമിച്ച ഉത്തം ഖോബ്രഗഡയുടെ മകളാണ് ദേവയാനി ഖോബ്രഗഡ, അതുകൊണ്ടാണ് ദേവയാനിയുടെ അറസ്റ്റ് കോണ്‍ഗ്രസ്‌ ഭരിക്കുന്ന കേന്ദ്രത്തിനു ഇത്ര പൊള്ളിയത്..!!! ധാരാളം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട് ,ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. തെറ്റ് ചെയ്തവരും നിരപരാധികളും എല്ലാം ഇതിലുല്പെടും. സൗദി ആശുപത്രിയിൽ ഗർഭിണി മരിച്ചതിനു നേഴ്സ്മാര്‍ ജയിൽവാസം അനുഭവിക്കുന്നില്ലേ, കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ എത്രയോ നാവികർ ഇനിയും രക്ഷ പെടാതെ നരകിക്കുന്നില്ലേ? ഗൾഫുനാടുകളിൽ എത്രയോ ഡ്രൈവർമാർ ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പോലും ജയിലിലല്ലെ? ഇവരുടെയെല്ലാം ബന്ധുക്കൾ മുട്ടാത്ത വാതിലുകൾ ബാക്കി ഇല്ല; ഇവരെയൊന്നും ആര്‍ക്കും തന്നെ വേണ്ട. കാരണം ഇവരൊക്കെ പാവം തൊഴിലാളികൾ അല്ലെ, വെറും സാധാരണക്കാർ! അവരൊക്കെ ജയിലിൽ കിടന്നു മരിച്ചോട്ടെ .....കുഴപ്പമില്ല... ജോലിക്കാരിക്ക് നേരെ ചൊവ്വേ ശമ്പളം കൊടുക്കാത്ത ആയമ്മയെ പോലീസ് പിടിച്ചപ്പോ ചിലര്‍ക്കൊക്കെ പൊള്ളി , വലിയ വിഷമം ആയി പോയി!!! അവരെ അറസ്റ്റ് ചെയ്ത രീതി നമ്മുടെ വീക്ഷണത്തിൽ തെറ്റാണെങ്കിൽ പോലും അതിനെക്കാൾ വലിയ കുറ്റമല്ലേ ഒരു തൊഴിലാളിക്ക് നിശ്ചയിച്ച മിനിമം വേതനം പോലും നല്കാതെ വഞ്ചിക്കുന്നത്? സാമ്രാജ്യത്വ കഴുകന്മാരായ അമേരിക്കക്കെതിരായി എല്ലായ്പ്പോഴും നില കൊള്ളുമ്പോഴും ചില സത്യങ്ങള്‍ നമ്മള്‍ മറക്കരുത്... (courtesy/fb)