2013, ജൂൺ 23, ഞായറാഴ്‌ച

പരമ്പരാഗത ബാങ്കിലെ പലിശയും ഇസ്ലാമിക ബാങ്കിലെ ലാഭവും തമ്മില്‍ എന്താണ് വ്യത്യാസം ? !

     എഴുതിയത് : ഹുസാമുദ്ദീനുബ്നു മുസാഅഫാന  
                  ഇസ്ലാമിക ബാങ്ക് വഴി മുറാബഹ രീതിയിലൂടെ ഒരാള്‍ കാറുവാങ്ങി. രണ്ടുവര്‍ഷം കൊണ്ട് പണം അടച്ചുതീര്‍ക്കും എന്നാണ് ബാങ്കുമായുണ്ടാക്കിയ ധാരണ. എന്നാല്‍ ഇസ്ലാമിക ബാങ്കും പരമ്പരാഗത ബാങ്കുകള്‍ ഈടാക്കുന്ന പലിശയുടേതിന് സമാനമായ തുക ലാഭമെന്ന പേരില്‍ അയാളില്‍നിന്ന് ഈടാക്കുന്നു. ഇത് വൈരുധ്യമല്ലേ ?
..................................................................................................
ഇസ്ലാമിക് ബാങ്കിംഗ് എന്ന ആശയത്തിന്റെ അടിസ്ഥാന പ്രചോദനം തന്നെ വായ്പാ ഇടപാടുകളിലും നിക്ഷേപങ്ങളിലും പലിശ ഒഴിവാക്കുക എന്നതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ പരമ്പരാഗത ബാങ്കുകളുടെ മൌലിക സ്വഭാവം തന്നെ വ്യത്യസ്തമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ.
മുറാബഹയുടെ രൂപം ഇതാണ്.ചരക്ക് ആവശ്യമുള്ള ഇടപാടുകാരന്‍ ബാങ്കിനെ സമീപിക്കുന്നു. ബാങ്ക് സ്വന്തം ഉടമസ്ഥതയില്‍ സാധനം വാങ്ങി അയാള്‍ക്ക് നല്‍കുന്നു. ബാങ്കും ഇടപാടുകാരുനും യോജിപ്പിലെത്തുന്ന ഒരു  നിശ്ചിതലാഭത്തോടൊപ്പം ഉഭയ സമ്മതമായ ഒരു കാലയളവിനുള്ളില്‍ അയാള്‍ പണം ബാങ്കിലേക്ക് അടച്ചു തീര്‍ക്കുന്നു.
ലാഭവും പലിശയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടതുണ്ട്. ഉല്‍പാദന സംരംഭങ്ങളിലോ കച്ചവടത്തിലോ മൂലധനം മുടക്കിയതിന്റെ പേരില്‍ ലഭ്യമാകുന്ന വര്‍ധനവാണ് ലാഭം. അധ്വാനം, മൂലധനം എന്നീ അടിസ്ഥാനപരമായ ഉല്‍പാദനോപാധികളുടെ പ്രതിപ്രവര്‍ത്തനത്തിലൂടെയാണ് ലാഭം ഉണ്ടായിത്തീരുന്നത്.
എന്നാല്‍ പലിശയെന്നത് വായ്പ വാങ്ങിയത് മുതല്‍ അടവ് തീരുന്നതുവരെയുള്ള ഇടവേളയില്‍ അധമര്‍ണന്‍ ഉത്തമര്‍ണന് നല്‍കുന്ന അധിക തുകയാണ്. അവധി വെച്ചുള്ള പണമടവിനു പകരം പണം കൈമാറുമ്പോള്‍ ലഭിക്കുന്ന വര്‍ധനവാണ് പലിശ. അഥവാ അധമര്‍ണന്‍ വരുത്തുന്ന കാലതാമസത്തിന്റെ മാത്രം പകരമായിട്ടാണ് പലിശ ഈടാക്കുന്നത് എന്നര്‍ഥം.
മുറാബഹ ഇടപാടില്‍ ലാഭത്തോത് നിര്‍ണയിക്കുമ്പോള്‍ രണ്ട് അടിസ്ഥാന കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. സാധനം വാങ്ങാനുള്ള ബാധ്യത ബാങ്ക് ഏറ്റെടുക്കണം. പിന്നീട് ലാഭത്തോത് നിശ്ചയിക്കണം. ഇങ്ങനെയുള്ള ലാഭത്തിന്റെ തോത് നിശ്ചിതമല്ല. എന്നും വ്യക്തമാണ്. വായ്പയടവിന്റെ കാലാവധി ഒരു വര്‍ഷമാണെങ്കില്‍ രണ്ടു വര്‍ഷ അടവു കാലാവധിയുള്ള വായ്പയുടേതിനേക്കാള്‍ കുറവായിരിക്കും ലാഭത്തിന്റെ തോത്.
ഇസ്ലാമിക ബാങ്കുകള്‍ പലിശാധിഷ്ഠിത ബാങ്കുകളില്‍നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട് എന്നതാണ് വസ്തുത. ഇതിനെല്ലാമിടയിലും പല ഇസ്ലാമിക ബാങ്കുകളും അതിന്റെ ഇടപാടുകാര്‍ക്ക് ഉദാരമായി കടം അനുവദിക്കാറുണ്ട്. അത്തരക്കാരില്‍പെട്ട ഒരിനമാണ് മുറാബഹ.
ഇസ്ലാമിക ബാങ്കുകളുടെ ലാഭത്തോത് പരമ്പരാഗത ബാങ്കുകളുടെ പലിശയോട് തുല്യമായ സംഖ്യയാകാന്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇസ്ലാമിക ബാങ്കുകള്‍ തങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് പരമ്പരാഗത ബാങ്കുകളോട് മത്സരിച്ചുകൊണ്ടാണ്. ഈ രണ്ടുതരം ബാങ്കുകളും പൊതുധന കമ്പോളത്തിലെ അംഗങ്ങളാണല്ലോ. പ്രാദേശിക തലത്തിലോ അന്താരാഷ്ട്ര തലത്തിലോ പ്രവര്‍ത്തിക്കുന്നതാകട്ടെ, ഇസ്ലാമിക ബാങ്കിനെ സംബന്ധിച്ചിടത്തോളം ധനസ്വരൂപണത്തിന്റെ ഒരു പ്രധാന രീതി, ശരീഅത്ത് അംഗീകരിച്ച മാര്‍ഗത്തിലൂന്നിയ ലാഭം ഈടാക്കിക്കൊണ്ട് കടം നല്‍കുക എന്നത് തന്നെയാണ്.
അതിനാല്‍ ഇസ്ലാമിക ബാങ്കുകള്‍ക്കും തങ്ങളുടെ ലാഭത്തോത് നിര്‍ണയിക്കുമ്പോള്‍ ആ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കാതെ നിര്‍വാഹമില്ല.
പരമ്പരാഗത ബാങ്കുകള്‍ ഈടാക്കുന്ന പലിശയുടേതിനേക്കാള്‍ കൂടിയതോതില്‍ ലാഭം ഈടാക്കിയാല്‍ അതുമായി ഇടപാടു നടത്താന്‍ ജനം വിമുഖത കാണിക്കും. പരമ്പരാഗത ബാങ്കുകളിലെ പലിശയുടെ തോതിനേക്കാള്‍ കുറഞ്ഞ ലാഭം വിഹിതം നല്‍കാനേ സാധിക്കൂ. നിക്ഷേപകര്‍ ഇസ്ലാമിക ബാങ്കുകളെ അവഗണിക്കുന്നതിന് ഇതിടവരുത്തും. ഇതുപോലുള്ള പല വിഷമങ്ങളും അവ നേരിടുന്നുമുണ്ട്. അതിനാല്‍, ഇസ്ലാമിക ബാങ്കുകളും അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള പലിശ നിരക്കിനോട് തുല്യമായ ലാഭത്തോത് നിര്‍ണയിക്കാന്‍ നിര്‍ബന്ധിതമാണ്.
മാനദണ്ഡങ്ങളെയും അളവുകളെയും ഒക്കെ നിര്‍ണയിക്കാന്‍ പര്യാപ്തമായ സ്വതന്ത്രവും ശക്തവുമായ ഒരിസ്ലാമിക ധനകമ്പോളം നിലനില്‍ക്കുന്നില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായ സൂചികളും മാനദണ്ഡങ്ങളും ആവിഷ്കരിക്കാന്‍ ഫിഖ്ഹ് അക്കാദമികള്‍ ഇസ്ലാമിക ബാങ്കുകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
ചുരുക്കത്തില്‍, പലിശത്തോതിനോട് തുല്യമായി എന്നതുകൊണ്ടുമാത്രം ഇസ്ലാമിക ബാങ്ക് ഈടാക്കുന്ന ലാഭം നിഷിദ്ധമാകുന്നില്ല. സാദൃശ്യം ബാഹ്യം മാത്രമാണ് അവ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഉണ്ട്.