2014, ജനുവരി 24, വെള്ളിയാഴ്‌ച

അല്‍ മൊയ്തു(കള്ളു ജിഹാദ്)

ഇന്റെര്‍നെറ്റ് യുഗത്തില്‍ യൂട്യൂബ് കേവലം സംഗീതവും സിനിമയും കോമഡിയും ആസ്വദിക്കാനുള്ള ഒരു വിനോദോപാധി മാത്രമല്ല,  സോഷ്യല്‍ ആക്റ്റിവിസത്തിന്റെ ശക്തമമായ വേദികൂടിയായി ഉപയോഗപ്പെടുത്താമെന്ന് ബോധ്യമായിരിക്കുന്നു. സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ മനോഹരമായി ദൃശ്യവല്‍ക്കരിച്ചും ചിത്രീകരിച്ചും സാമൂഹികബോധവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്താം എന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് കഴിഞ്ഞദിവസം സകീന്‍ ടി വി, യൂട്യൂബില്‍ റിലീസ് ചെയ്ത അല്‍മൊയ്തു എന്ന ഷോട്ട് ഫിലിം.
ഈ ഷോട്ട്ഫിലിം യൂട്യൂബിലൂടെ കണ്ടപ്പോള്‍, യൂട്യൂബ് എന്ന നവീന ദൃശ്യശ്രാവ്യമാധ്യമത്തെ ഫലവത്തായി ഉപയോഗപ്പെടുത്തുന്ന സൈബര്‍ സോഷ്യല്‍ ആക്റ്റിവിസത്തിന്റെ വിശാലസാധ്യതയെ കുറിച്ചാണ് ഞാന്‍ ആദ്യമാലോചിച്ചത്. ആക്റ്റിവിസം എന്നു പറയാന്‍ കാരണം 24 മണിക്കൂറിനുള്ളില്‍ 32000 പേര്‍ കണ്ടു എന്നതു മാത്രമല്ല (ഇതെഴുതുമ്പോള്‍ 66000 കവിഞ്ഞു), അതോടൊപ്പം കനപ്പെട്ട അഭിപ്രായങ്ങളും രേഖപ്പെടുത്തിയെന്നതുകൊണ്ടാണ്. ഇവിടെയാണ്  യഥാര്‍ത്ഥ ആക്റ്റിവിസത്തിന്റെ ഒരു മുഖം പ്രകടമാകുന്നത്. ഗൗരവതരമായ ചിന്തകള്‍ക്കും സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും വെബ് ലോകത്ത് ഇടമുണ്ടെന്ന് തെളിയിക്കുന്ന ഒരു ആക്ഷേപഹാസ്യ സര്‍ഗസൃഷ്ടിയാണ് 'അല്‍മൊയ്തു'. സമൂഹത്തിന്റെ ഏറ്റവും നീറി നില്‍ക്കുന്നതും ഗൗരവപൂര്‍ണ്ണവുമായ പ്രശ്‌നങ്ങളെ നേര്‍ക്കു നേരെ അവതരിപ്പിക്കുന്നതിനേക്കാള്‍ മൂര്‍ച്ചയേറിയതാണ് ആക്ഷേപഹാസ്യത്തിലൂടെയുള്ള ആഖ്യാനം. എഴുത്തിലും കവിതയിലും മാത്രമല്ല, അല്‍ മൊയ്തുവിന്റെ ദൃശ്യാവിഷ്‌ക്കാരത്തിലും ആക്ഷേപഹാസ്യം ചില മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമേലും നടത്തുന്ന പരിഹാസം കുറിക്കു കൊള്ളുന്നതാണ്. 
നിയമ സംവിധാനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് ഒരു സമുദായത്തെ സംശയത്തിന്റെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തി ക്രൂശിക്കുന്നതിനെ ആക്ഷേപ ഹാസ്യത്തിലൂടെ  സംവിധാനിച്ചിരിക്കുകയാണ് റമീസും അശ്കറും. ഈ ചിത്രം മാധ്യമ രംഗത്തെ ദുഷ്പ്രവണതകളെയും  പക്ഷപാതിത്വത്തെയും നിക്ഷിപ്ത താല്‍പ്പര്യങ്ങളെയും തുറന്നു കാണിക്കുമ്പോള്‍ തന്നെ മലയാളിയുടെ ബലഹീനതകളെ നിര്‍ദ്ദയം പരിഹസിക്കുന്നുമുണ്ട്. മാധ്യമങ്ങള്‍ പുലമ്പുന്ന വാര്‍ത്തകള്‍, അതെത്ര യുക്തിരഹിതമാണെങ്കിലും തൊണ്ട തൊടാതെ വിഴുങ്ങാന്‍ മടിക്കാത്ത 'വിദ്യാ'സമ്പന്നനായ മലയാളിയെന്ന ഊതിവീര്‍പ്പിച്ച യുക്തിയെ വല്ലാതെ പരിഹസിക്കുന്നുണ്ട് ഈ ഫിലിം. 
തീവ്രവാദം, മലപ്പുറം, മതപരിവര്‍ത്തനം എന്നീ ത്രയങ്ങളില്‍ നിന്നുകൊണ്ടുള്ള തീമാണ് അല്‍ മൊയ്തുവിന്റേത്. സംഘ് പരിവാരം മലപ്പുറത്തിനെതിരെ, ജില്ലയുടെ രൂപീകരണ കാലം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിപ്പോന്ന മിനി പാകിസ്താന്‍, മതപരിവര്‍ത്തനം, തീവ്രവാദ കേന്ദ്രം, കശ്മീര്‍ റിക്രൂട്ട്‌മെന്റ,് മതമൗലിക സംഘടനകളുടെ ഈറ്റില്ലം തുടങ്ങിയ ആരോപണങ്ങളെ മത നിരപേക്ഷ ജനാധിപത്യ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊതു സമൂഹവും  അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തതിന്റെ 'അ'യുക്തിയെ ചോദ്യം ചെയ്യുകയാണ് അല്‍ മൊയ്തു. സംഘ് പരിവാരം പോലെ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ഏതെങ്കിലും ഫാഷിസ്റ്റ് സംഘങ്ങളും അവരുടെ മാധ്യമങ്ങളും മാത്രമാണ് ഇത്തരം ആപല്‍ക്കരമായ വൈറസുകളെ  സമൂഹത്തില്‍ സംക്രമിപ്പിക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ പൊതു സമൂഹത്തിന്റെ മനസ്സ് വിഷലിപ്തമാംവിധം കാവിവല്‍ക്കരിക്കപ്പെടുന്നതില്‍ മതമൈത്രിയും സാമുദായിക സൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെ കടുത്ത ഉത്കണ്ഠ പങ്കുവക്കുന്നുണ്ട് ഈ ചിത്രം. (ആ ഉത്കണ്ഠ വെറുംതോന്നലല്ലയെന്നതിന്റെ  ഏറ്റവും പുതിയ ഉദാഹരണമാണ്, പാലക്കാട് സ്‌കൂള്‍ കലോത്സവ വേദിയില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വന്ന മലപ്പുറത്തെ വിദ്യാര്‍ത്ഥികളെ 'തീവ്രവാദികള്‍' എന്നു വിളിച്ചാക്ഷേപിച്ച ജില്ലാപോലീസധികാരിയുടെത്.  കലോത്സവ വേദിയില്‍ നാടക മത്സരത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയിലെ ഒരു പറ്റം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈകിയെത്തിയതിനെത്തുടര്‍ന്ന്  മത്സരിക്കാന്‍ അവസരംനിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചപ്പോഴാണ് ഉത്തരവാദപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികളെ തീവ്രവാദികള്‍ എന്നു വിളിച്ചത്. തങ്ങളെ തീവ്രവാദിയെന്നുവിളിച്ചതിനെ ത്തുടര്‍ന്നുള്ള മാനസികവ്യഥ പങ്കുവെയ്ക്കുന്ന 15 വയസ്സു പോലും തികയാത്ത കുട്ടികള്‍  മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ വിതുമ്പുന്ന ദൃശ്യം നാംകണ്ടതാണ്.)
മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ പടച്ചുവിടുന്ന മീഡിയകളേക്കാള്‍ ചിത്രം പരിഹസിക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും, പൊതു സമൂഹത്തെയും മതനിരപേക്ഷ സംവിധാനത്തിന്റെ അധികാരവൃന്ദത്തെയുമാണ്. ഇത്തരം വാര്‍ത്തകളുടെ യുക്തി രാഹിത്യവും വൈരുധ്യങ്ങളും സാമാന്യബോധമുള്ള ഏതു മനഷ്യനും മനസ്സിലാകുന്നതാണെങ്കിലും വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് മനസ്സിലാകാതിരിക്കുന്നതെങ്ങനെ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട് ഈ ഷോര്‍ട്ട് ഫിലിം. ഈ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കാന്‍ റമീസും അഷ്‌കറും ഉപയോഗിച്ചിരിക്കുന്നത് പരസ്പര വിരുദ്ധമായ ബിംബങ്ങളെയാണ്. വിരുദ്ധ യാഥാര്‍ത്ഥ്യങ്ങളെ ബിംബവല്‍ക്കരിക്കുന്നതോടൊപ്പം കഥാപാത്രങ്ങളുടെ ചില സംസാരശകലങ്ങള്‍, ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന മാധ്യമകുബേരന്‍മാരുടെ നെഞ്ചത്തേക്ക് തൊടുത്തുവിടുന്നുണ്ട്. 'പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ പറ്റിയ നല്ല ഒരു വാര്‍ത്ത തീവ്രവാദമാണ്'. 'തീവ്രവാദം വെച്ചാല്‍ എന്തും ചെലവാകും അതിപ്പോള്‍ പത്രവാര്‍ത്തകളായാലും ചാനല്‍ വാര്‍ത്തകളായാലും. 'തീവ്രവാദത്തിന് വേണ്ടത് വാര്‍ത്തകളല്ല, തിരക്കഥകളാണ്' തുടങ്ങിയ സംഭാഷണങ്ങള്‍, കേരളീയ സമൂഹത്തില്‍ മുന്‍പ് മുസ്‌ലിംകളുടെമേല്‍ പൊതുവെയും മലപ്പുറംമുസ്‌ലിംകളുടെമേല്‍ പ്രത്യേകിച്ചും ചാര്‍ത്തിയിട്ടുള്ള തീവ്രവാദ പരിവേഷത്തെകുറിച്ച ഒരോര്‍മപ്പെടുത്തലാണ്. തുടര്‍ന്നുള്ള സീനുകളില്‍ കള്ള് ഷാപ്പു നടത്തുകയും കള്ളുകൊടുത്ത് 'ബോധമില്ലാതാക്കി' മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന മൊയ്തു വൈരുധ്യങ്ങളുടെ ഒരു ശൃഖല തന്നെ തീര്‍ക്കുന്നുണ്ട്. 
ലൗ ജിഹാദിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ കയറെടുത്തോടിയതിനെയും കേരളീയ പൊതുസമൂഹം നിസ്സംഗതപാലിച്ചതിനെയും വളരെ നന്നായി പരിഹസിക്കുന്നുണ്ട് ഈ ഫിലിം. മാധ്യമങ്ങളുടെ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ഈ അബദ്ധങ്ങളും മലയാളിയുടെ നിസ്സംഗതയും മുസ്‌ലിംകളെ തീവ്രവാദികളാക്കാന്‍പോന്ന കള്ളക്കഥകള്‍ക്ക് വഴിയൊരുക്കും എന്ന ശക്തമായ താക്കീതുകൂടിയാണ് അല്‍ മൊയ്തു. 
 അല്‍മൊയ്തു ഷോര്‍ട്ട് ഫിലിം ഈ ലിങ്കില്‍ കാണാം:https://www.youtube.com/watch?v=BLgr3hbMirI&feature=youtube_gdata_player