2014, ജനുവരി 7, ചൊവ്വാഴ്ച

നമ്മുടെ വീടിനെക്കുറിച്ച് ചിന്തിച്ച് നോക്കുക

മുസ്‌ലിംകളുടെ വീടുകളെ ദൈവിക ഭവനങ്ങളെന്ന് വിശേപ്പിക്കുന്നത് തീര്‍ച്ചയായും മനോഹരം തന്നെ. എന്നാല്‍ നമ്മുടെ കുടുംബത്തില്‍ ധാര്‍മികതയും മൂല്യവും നിറച്ച് വീടിനെ ദൈവികമാക്കാന്‍ ശ്രമിക്കുകയെന്നതാണ് അതിനേക്കാള്‍ ചേതോഹരമായത്. നമ്മുടെ ഭവനങ്ങള്‍ ദൈവഭക്തി മുഖേന വാനലോകത്തേക്ക് ഉയരുകയെന്നതിനേക്കാള്‍ സുന്ദരമായ കാഴ്ച മറ്റെന്താണുള്ളത്? പരിശുദ്ധിയുടെയും പ്രതാപത്തിന്റെയും വിശുദ്ധിയുടെയും പ്രകാശഗോപുരമായി ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ വീടിനെക്കുറിച്ച് ചിന്തിച്ച് നോക്കുക. ആ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ഓരോ വ്യക്തിയും സമൂഹത്തില്‍ നന്മയും മൂല്യവുമാണ് പ്രസരിപ്പിക്കുക. ജനങ്ങള്‍ക്ക് മുന്നില്‍ വെളിച്ചം വീശുന്ന മഹത്തായ മാതൃകകളാണ് അവര്‍.
സന്തോഷം പ്രസരിപ്പിക്കുന്ന വീട്ടുകാര്‍ അല്‍പം ക്ഷമയും സഹനവും കൈകൊള്ളേണ്ടതുണ്ടാവും. ക്ഷമ വിശ്വാസത്തിന്റെ പാതിയാണ്. രോഗവും ദുഖവും കൊണ്ട് അവര്‍ പരീക്ഷിക്കപ്പെട്ടാല്‍ സഹനമവലംബിച്ച് നന്ദി കാണിച്ച് പ്രതിഫലകാംക്ഷയോടെ നിലകൊള്ളുന്നവരാണ് അവര്‍. നമ്മുടെ രോഗവും, ദാരിദ്ര്യവും മറ്റ് കഠിനമായ പരീക്ഷണങ്ങളും നമുക്ക് അല്ലാഹു നല്‍കിയ അനുഗ്രമായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മെ സ്വര്‍ഗത്തിലേക്ക് കൈപിടിച്ച് ആനയിക്കുന്ന ഘടകങ്ങളാണ് അവ. ജാബിര്‍ ബിന്‍ അബ്ദില്ലാഹ് നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുള്‍ ചെയ്തു:'ഇഹലോകത്ത് പരീക്ഷണങ്ങള്‍ക്ക് വിധേയരായവര്‍ക്ക് അന്ത്യനാളില്‍ അല്ലാഹു നല്‍കുന്ന അനുഗ്രഹം കാണുമ്പോള്‍ സൗഖ്യത്തോടെ ജീവിച്ചിരുന്നവര്‍ തങ്ങളുടെ ശരീരം ഇഹലോകത്ത് വെച്ച് തുണ്ട് തുണ്ടായി മുറിക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതാണ്'.
എത്ര കഠിനമായ പരീക്ഷണവും അല്ലാഹു നീക്കിക്കളയുമെന്ന ദൃഢവിശ്വാസമാണ് മുഅ്മിനിനെ മുന്നോട്ട് നയിക്കുക. വഹബ് ബിന്‍ മുനബ്ബഹ് പറയുന്നു:'തനിക്ക് നല്‍കപ്പെട്ട പരീക്ഷണങ്ങള്‍ അനുഗ്രഹങ്ങളാണെന്നും, സൗഖ്യം ദുരന്തമാണെന്നും മനസ്സിലാക്കുന്നതുവരെ ആരും തന്നെ ഫഖീഹ് ആയിത്തീരുകയില്ല. കാരണം പരീക്ഷണത്തിന് വിധേയനാകുന്ന വ്യക്തി രക്ഷ പ്രതീക്ഷിച്ചിരിക്കുകയും ക്ഷേമത്തില്‍ ജീവിക്കുന്നവന്‍ പരീക്ഷണം കാത്തിരിക്കുകയും ചെയ്യുന്നു'.

കരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന, നെറ്റിത്തടം ഭൂമിയില്‍ വെച്ച് നന്ദി പ്രകടിപ്പിക്കുന്ന, കണ്ണുനീര്‍ ഒഴുക്കി പശ്ചാത്തപിക്കുന്ന വ്യക്തികളാണ് ദൈവിക ഭവനങ്ങളില്‍ ഉള്ളത്. അത്താഴ സമയത്ത് അല്ലാഹു താഴെ ആകാശത്തേക്ക് ഇറങ്ങി വരുന്ന വേളയില്‍ അവന്റെ സാമീപ്യം തേടുന്നവരാണ് അവര്‍. ഐഹികമായ എല്ലാ അനുഗ്രഹങ്ങളും ഉപേക്ഷിച്ച് അല്ലാഹുവിന്റെ കരുണ തേടി അവന്റെ മുന്നില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവര്‍. അല്ലാഹുവിനോടുള്ള ഭയത്താല്‍ അടര്‍ന്നുവീഴുന്ന കണ്ണുനീരിന് എന്തൊരു മധുരമാണ്! രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന കരങ്ങള്‍ എത്ര മനോഹരമാണ്! 'മൂടിപ്പുതച്ചവനേ, രാത്രിയില്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. കുറച്ചുനേരമൊഴികെ. അതായത് രാവിന്റെ പാതി. അല്ലെങ്കില്‍ അതില്‍ അല്‍പം കുറക്കുക. അല്ലെങ്കില്‍ അല്‍പം വര്‍ധിപ്പിക്കുക. ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക'. (അല്‍മുസ്സമ്മില്‍ 1-4)
എന്താണ് ദൈവഭയമെന്ന് അലി(റ)യോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'പരമോന്നതനോടുള്ള ഭയവും അവന്‍ ഇറക്കിയതുപ്രകാരമുള്ള കര്‍മവും ഉള്ളതുകൊണ്ട് തൃപ്തിയടയലും യാത്രക്ക് വേണ്ടി തയ്യാറെടുപ്പുമാണ് ദൈവഭയം'. മരണം നമ്മെ തേടി വരിക തന്നെ ചെയ്യും. അതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കുമാവില്ല. വിശുദ്ധ ഖുര്‍ആന്‍ സംശയലേശമന്യെ വ്യക്തമാക്കിയ കാര്യമാണ് ഇത്. അതിനാല്‍ നാം മരണത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നതിന് പകരം അതിനെ നേരിടാന്‍ തയ്യാറാവുകയാണ് വേണ്ടത്.
അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് നമുക്ക് മത്സരിക്കാം. വിശാലമായ സ്വര്‍ഗപ്പൂങ്കാവനം തേടി നമുക്ക് യാത്ര തുടങ്ങാം. സദാ മുസ്‌ലിംകളുടെ ഖബ്‌റുകള്‍ സന്ദര്‍ശിക്കുന്നതും, അവിടെ മരണസ്മരണയോടെ അല്‍പനേരം ചെലവഴിക്കുന്നതും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും നമ്മുടെ ജീവിത്തെ പരിവര്‍ത്തിപ്പിക്കാന്‍ സഹായകമായ സമീപനങ്ങളാണ്.
                                           wrt ;nabeel jalhum