പ്രണയം എന്നത് കാലഘട്ടത്തിന്റെ ബിംബമാവുകയും, അതിന് എന്റെയും നിങ്ങളുടെയും അടുത്ത് പരമപ്രാധാന്യം കല്‍പിച്ചുകിട്ടുകയും യുവാക്കളെല്ലാം അതിനുവേണ്ടി ചോരയൊഴുക്കാന്‍ തയ്യാറാവുകയും, ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രണയകാവ്യങ്ങള്‍ വിരചിക്കപ്പെടുകയും, അതിന് വേണ്ടി കാല്‍പനികതാളം കൊട്ടുകയും, അവ സിനിമയായും നാടകമായും പ്രദര്‍ശിക്കപ്പെടുകയും ചെയ്യുന്നു നമ്മുടെ പരിസരത്ത്. എല്ലാവരും ആരാധിക്കുന്ന ദൈവമായും, എല്ലാവരും തേടുന്ന ലക്ഷ്യമായും ജീവിതത്തിന്റെ അനിവാര്യ ഘടകമായും പ്രണയം വിലയിരുത്തപ്പെട്ടിരിക്കുന്നു. അതിന്റെ അഭാവത്തില്‍ ജീവനില്ലാത്ത ജീവിതമാണ് നാം നയിക്കുന്നതെന്ന ധാരണയാണ് നിലവിലുള്ളത്.
ഈ പ്രണയത്തിന്റെ ഇരകളോ, കുറ്റവാളികളോ ആണ് നാം എല്ലാവരും. സ്വയം മുറിവേല്‍ക്കുകയോ, വേദനിക്കുകയോ ചെയ്തവരോ, മറ്റുള്ളവരെ മുറിവേല്‍പിക്കുകയോ, വേദനിപ്പിക്കുകയോ ചെയ്തവരോ ആണ് നാം. പ്രണയം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇത്ര ജീവഗന്ധിയായ വിഷയമായി നിലനില്‍ക്കെ തന്നെ ഏതാനും ചില ആലോചനകളും ചിന്തകളും ഇവിടെ സമര്‍പിക്കുവാന്‍ ഞാന്‍ നിങ്ങളോട് അനുവാദം ചോദിക്കുകയാണ്. നമ്മുടെ യുവാക്കളും യുവതികളും വൃദ്ധന്മാരും കുഞ്ഞുങ്ങളും ഒരു പോലെ നീന്തുന്ന ഈ മഹാസമുദ്രത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള എളിയശ്രമമാണിത്.
ആദ്യമായി ഞാന്‍ എന്നോടും നിങ്ങളോടുമായി ചോദിക്കട്ടെ 'എന്തുകൊണ്ടാണ് എപ്പോഴും സ്‌നേഹം വേദനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. എന്തുകൊണ്ടാണ് പലപ്പോഴും സ്‌നേഹം കണ്ണുനീരിലും നിരാശയിലും അവസാനിക്കുന്നത്? എനിക്കുതോന്നുന്ന ഉത്തരം ഇതാണ്. സ്‌നേഹവും ആഗ്രഹവും ഒന്നിച്ചുവരുന്നവയാണ്. ഉദാഹരണമായി ഒരു സ്ത്രീയെ ആഗ്രഹിക്കാതെ അവളെ പ്രണയിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതിനാല്‍ ആഗ്രഹമുള്ള, വാല്‍സല്യമുള്ള സ്‌നേഹ കിരണങ്ങള്‍ മാംസത്തോടും രക്തത്തോടും കലരുന്നു. മനുഷ്യ സൃഷ്ടി തീപ്പൊരിയിലേക്കും, ചുഴലിക്കാറ്റിലേക്കും നീങ്ങുന്ന അവസ്ഥയാണ് ഇത്. ശക്തമായ വികാരത്താല്‍ മാംസവും എല്ലും ഉരുകുന്ന സവിശേഷമായ അവസ്ഥ. അണയുന്നത് വരെ കത്തിജ്ജ്വലിക്കുന്ന നൈമിഷിക ആസ്വാദനമാണ് അത്.
ഗോപ്യമായ ശത്രുതയും, അധികാരവും സ്‌നേഹത്തില്‍ ഗര്‍ഭം ധരിക്കാനും സാധ്യതയുണ്ട്. വൈകാരിക തലത്തിലേക്ക് സ്‌നേഹം മാറുമ്പോഴാണ് അത് സംഭവിക്കുക. തന്റെ ആത്മാവിന് മേല്‍ പുരുഷന്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുന്ന സ്ത്രീ, അയാളുടെ ആത്മാവിന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുക. ഇക്കാര്യത്തില്‍ അവര്‍ രണ്ടുപേരും പരസ്പരം രഹസ്യമായ ശത്രുത പുലര്‍ത്തുകയും ചെയ്യുന്നു.
വിശുദ്ധ ഖുര്‍ആന്‍ പ്രണയത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു സന്ദര്‍ഭം ഈജിപ്തിലെ രാജപത്‌നിക്ക് യൂസുഫ് പ്രവാചകനോട് തോന്നിയ അനുരാഗത്തെപ്പറ്റിയാണ്. യൂസുഫ് വിശുദ്ധി കാത്തുസൂക്ഷിച്ചപ്പോള്‍ ആ സ്ത്രീ എന്താണ് ചെയ്തത്? യൂസുഫിനെ ജയിലിലടക്കാനും പീഡിപ്പിക്കാനുമായിരുന്നു അവരുടെ കല്‍പന. അവര്‍ തന്റെ കൂട്ടുകാരികളോട് തന്റെ പ്രണയകഥ വിവരിച്ചത് എങ്ങനെയായിരുന്നു? 'പ്രഭുപത്‌നി പറഞ്ഞു 'ഇദ്ദേഹത്തിന്റെ കാര്യത്തിലാണ് നിങ്ങളെന്നെ ആക്ഷേപിച്ചുകൊണ്ടിരുന്നത്. തീര്‍ച്ചയായും ഞാനിദ്ദേഹത്തെ വശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. ഞാന്‍ കല്‍പിക്കുംവിധം ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞാനിവനെ ജയിലിലടക്കും. അങ്ങനെ ഇവന്‍ നിന്ദ്യനായിത്തീരും'. (യൂസുഫ് 32)
ഇവിടെ രാജ്ഞിയുടെ പ്രണയം അധികാരവും, പീഡനവുമായാണ് പുറത്തുവന്നത്. പക്ഷെ യൂസുഫ് പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു 'യൂസുഫ് പറഞ്ഞു 'എന്റെ നാഥാ, ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്കാണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പെട്ടവനായേക്കാം'. (യൂസുഫ് 33)
പ്രണയം തടവറയാണെന്നും, വികാരത്തിന് കീഴ്‌പെടുന്ന പക്ഷം മരണം വരെ തന്റെ കഴുത്തില്‍ അത് കുരുങ്ങുമെന്നും മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച യൂസുഫിന് ഉണ്ടായിരുന്നു. അതിനാല്‍ ഏതാനും വര്‍ഷം ജയിലില്‍ കിടക്കുന്നതാണ് ഉത്തമമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
പ്രണയം ഒരിക്കലും നിഷ്‌കളങ്കമോ, സുതാര്യമോ ആവുന്നില്ല. പ്രണയം, വികാരം, ശത്രുത ഇവ മൂന്നും ചേര്‍ന്നുമാത്രമെ മനുഷ്യ പ്രകൃതിയില്‍ അത് കടന്നുവരികയുള്ളൂ. വികാരങ്ങള്‍ കലര്‍ന്ന പ്രണയം വൈകാരിക പൂര്‍ത്തീകരണത്തോടെ അവസാനിക്കുന്നു. പിന്നീട് ക്ഷീണവും, ആലസ്യവും, വേര്‍പെടാനുള്ള താല്‍പര്യവുമാണ് അവര്‍ക്കിടയില്‍ ജനിക്കുന്നത്. അവര്‍ പരസ്പരം സംശയിക്കുകയും പരസ്പരം വഞ്ചിക്കുകയും ചെയ്യുന്നു. കാരണം തങ്ങളുടെ വികാരങ്ങളെ തീജ്ജ്വാലയിലെരിക്കാനാണ് അവര്‍ക്ക് താല്‍പര്യം. അങ്ങനെയാണ് പ്രണയം നാശത്തിനും, വേദനക്കും, കണ്ണുനീരിനും കാരണമായി ഭവിക്കുന്നത്.
മേല്‍പറഞ്ഞ മൂന്ന് ഘടകങ്ങള്‍ ചേരുമ്പോഴാണ് പരാജയവും ദുഖവും സംഭവിക്കുന്നത്. തല്‍ഫലമായാണ് പ്രണയം ശത്രുതയും വെറുപ്പുമായി പരിണമിക്കുന്നത്. അതിനാല്‍ തന്നെ ഇവ വിവാഹത്തിന്റെ അടിസ്ഥാനങ്ങളായി പരിഗണിക്കാന്‍ പറ്റാത്തവയാണ്. അവ മുഖേനെ ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സാധിക്കില്ല. രണ്ടുപേര്‍ക്കിടയില്‍ സുശക്തമായ ബന്ധം സ്ഥാപിക്കാന്‍ പറ്റിയ അടിത്തറകളല്ല അവ.
വിശുദ്ധ ഖുര്‍ആന്‍ വിവാഹത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ അവിടെ പ്രണയത്തെയല്ല, സ്‌നേഹം, കാരുണ്യം, സമാധാനം എന്നിവയെയാണ് പരാമര്‍ശിക്കുന്നത്. രണ്ട് മനസ്സുകള്‍ പരസ്പരം ഒന്നിക്കാനും, ശാന്തമായി നിലകൊള്ളാനും, കലര്‍പ്പില്ലാതെ സ്‌നേഹിക്കാനും സാധിക്കണമെന്നതാണ് വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശം. ഇവയാണ് ഒരു കുടുംബത്തിന്റെ താക്കോല്‍. കാരുണ്യം സ്‌നേഹത്തെ അനിവാര്യമാക്കുന്നു. എന്നാല്‍ സ്‌നേഹം കാരുണ്യം ഉള്‍ക്കൊള്ളുന്നതല്ല. ചിലപ്പോള്‍ വികാരം കൊണ്ട് സ്‌നേഹം ശത്രുതയായി മാറാനും സാധ്യതയുണ്ട്. കാരുണ്യം സ്‌നേഹത്തേക്കാള്‍ പരിശുദ്ധവും, തെളിമയാര്‍ന്നതുമാണ്.
നാമെല്ലാവരും സ്‌നേഹിക്കാന്‍ സാധിക്കുന്നവരാണ്. എന്നാല്‍ നമ്മില്‍ വളരെ കുറഞ്ഞ ആളുകള്‍ക്കെ കരുണ ചെയ്യാന്‍ സാധിക്കാറുള്ളൂ. ആയിരം കാമുകിമാരുണ്ടെങ്കില്‍ അവരില്‍ ഒന്നോ രണ്ടോ പേരോടുമാത്രമെ നമുക്ക് കരുണയുണ്ടാവുകയുള്ളൂ. മറ്റുള്ളവരൊക്കെ കേവലം വികാരപൂര്‍ത്തീകരണത്തിനും ആസ്വാദനത്തിനും വേണ്ടിയുള്ളവര്‍ മാത്രമാണ്. പ്രണയത്തെക്കുറിച്ച് പറയാതെ വിശുദ്ധ ഖുര്‍ആന്‍ വിവാഹത്തെ വിശദീകരിച്ചിരിക്കുന്നു! വിശ്വാസികള്‍ കഅ്ബാലയത്തിലെ ബിംബങ്ങളെ തകര്‍ത്തെറിഞ്ഞതു പോലെ കാലഘട്ടത്തിന്റെ വിഗ്രഹത്തെ തച്ചുതകര്‍ക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ചെയ്തിരിക്കുന്നത്.