2014, ജൂൺ 29, ഞായറാഴ്‌ച

ചര്‍മസൗന്ദര്യത്തിന്‌ സ്വാദിഷ്‌ട വിഭവങ്ങള്‍

കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നെന്നും നിലനില്‍ക്കുന്നതാണ്‌.
നമ്മുടെ പാരമ്പര്യവും ജീവിതശൈലിയും ചര്‍മ സൗന്ദര്യത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. എങ്കിലും ശരിയായ ഭക്ഷണരീതി ചര്‍മത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാനും ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നും നിലനില്‍ക്കുന്നതാണ്‌. മുഖക്കുരു അകറ്റാന്‍ ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. നല്ല ചര്‍മ്മത്തിന്‌ ദിവസം ഒരു ഇലക്കറി വീതം കഴിച്ചിരിക്കണം.
വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കണ്ണുകളുടെ തിളക്കത്തിന്‌ ചീര, മുരങ്ങയില, അഗസ്‌തി ചീര, ബീന്‍സ്‌, കാരറ്റ്‌, നീളന്‍പയര്‍ ഇവ ഉള്‍പ്പെടുത്തുക. വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും, കറുത്ത മുന്തിരിങ്ങാ, നെല്ലിക്ക എന്നിവ ചുണ്ടിലെ കറുപ്പുനിറം അകറ്റാനും സഹായിക്കുന്നു.
ദിവസവും കുറഞ്ഞത്‌ ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കുന്നതിന്‌ മടികാണിക്കരുത്‌. അതുപോലെ പെട്ടെന്ന്‌ വണ്ണം വയ്‌ക്കുന്നതും അത്‌ പൊടുന്നനെ കുറയ്‌ക്കുന്നതും ചര്‍മ്മം വലിയുന്നതിനും, തന്മൂലം ചുളിവുകളും, സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ വീഴുന്നതിനും കാരണമാകും. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത സൗന്ദര്യവര്‍ധക വസ്‌തുക്ക കളെക്കാള്‍ ദോഷമില്ലാത്തതും ലാഭകരവുമാണ്‌ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല ആഹാരങ്ങളും, അവയുടെ ഗുണഗണങ്ങള്‍ മനസിലാക്കി അതിനുവേണ്ടി സമയം കണ്ടെത്തി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കാശും ലാഭിക്കാം. ചര്‍മ്മം സുന്ദരവുമാക്കാം. സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം വിഭവങ്ങള്‍.

കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌

കാരറ്റ്‌ - ഗ്രേറ്റ്‌ ചെയ്‌തത്‌ ഒന്ന്‌
മാങ്ങ (പഴുത്തത്‌) - കഷണങ്ങളാക്കിയത്‌ ഒന്ന്‌
കറുത്ത മുന്തിരി - 4, 5 എണ്ണം
പഞ്ചസാര/ തേന്‍ - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തതും, മാങ്ങ കഷണങ്ങളാക്കിയതും, കറുത്ത മുന്തിരി നന്നായി കഴുകിയതും മിക്‌സിയില്‍ അടിക്കുക. പഞ്ചസാരയോ തേനോ ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം അല്ലെങ്കില്‍ പാല്‍ ഉപയോഗിക്കാവുന്നതാണ്‌. നന്നായി മിക്‌സായതിനു ശേഷം ഒരു ബൗളിലേക്ക്‌ മാറ്റി ആവശ്യത്തിന്‌ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്‌.

ബനാനാ - യോഗര്‍ട്ട്‌ സ്‌മൂത്തി

ഏത്തപ്പഴം - ഇടത്തരം ഒന്ന്‌
തൈര്‌ (നെയ്‌ നീക്കം ചെയ്‌തത്‌) - അരക്കപ്പ്‌
തേന്‍- 1-2 ടീസ്‌പൂണ്‍
ഐസ്‌ ക്യുബ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഏത്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്‌തശേഷം ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ മറ്റു ചേരുവകളായ തൈര്‌, തേന്‍ എന്നിവയ്‌ക്കൊപ്പം നന്നായി അടിച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം തണുപ്പിനാവശ്യമായ ഐസ്‌ക്യൂബ്‌ ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌. ഏത്തപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാവുന്നതാണ്‌.

ഫ്യൂഷന്‍ സാലഡ്‌

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - കാല്‍കപ്പ്‌
വെള്ളരിക്ക - അരക്കപ്പ്‌
കൊത്തിയരിഞ്ഞ കാബേജ്‌ - മുക്കാല്‍കപ്പ്‌
ചെറുതായരിഞ്ഞ തക്കാളി - അരക്കപ്പ്‌
സവാള അരിഞ്ഞത്‌ - ഒരു കപ്പ്‌
ചെറുനാരങ്ങാനീര്‌ - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
തൈര്‌ - വേണമെങ്കില്‍
പച്ചമുളക്‌ - ഒരെണ്ണം എരിവ്‌ ആവശ്യം ഉണ്ടെങ്കില്‍ ചേര്‍ക്കുക.

തയാറാക്കുന്ന വിധം

അരിഞ്ഞുവച്ചിരിക്കുന്ന എല്ലാം കൂടി യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. തണുത്തതിനുശേഷം ഉപ്പ്‌, ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ വിളമ്പുക. സാലഡിനു പകരം റൈത്താ വേണമെങ്കില്‍ തൈര്‌ കൂടി ചേര്‍ക്കുക. ഫ്യൂഷന്‍ സാലഡ്‌ തയാര്‍.

ആംലാ - ജിഞ്ചര്‍ പഞ്ച്‌

നെല്ലിക്ക - അഞ്ചെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) - ഒരു ടീസ്‌പൂണ്‍
പഞ്ചസാര - ഒരു സ്‌പൂണ്‍
പുതിനയില - ഒരു ചെറിയ സ്‌പൂണ്‍
തുളസിയില - കാല്‍ ടീസ്‌പൂണ്‍ അരിഞ്ഞത്‌

തയാറാക്കുന്ന വിധം

നെല്ലിക്ക അഞ്ചെണ്ണം കുരുകളഞ്ഞ്‌ ചെറുതായി അരിയുക. അതിനൊപ്പം ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത്‌ അല്‌പം വെള്ളം കൂടി യോജിപ്പിച്ച്‌ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന്‌ പഞ്ചസാര ചേര്‍ക്കുക. തുളസിയില, പുതിനയില ഇവ ചെറുതായി മുറിച്ചതും കുറച്ചു വെള്ളവും ചേര്‍ത്ത്‌ തണുപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. പഞ്ചസാരയ്‌ക്കു പകരം ആവശ്യത്തിന്‌ ഉപ്പ്‌, ഒരു ചെറിയ പച്ചമുളക്‌ എന്നിവ ചേര്‍ക്കാവുന്നതാണ്‌.

പപ്പായ പായസം

നന്നായി പഴുത്ത പപ്പായ
(തൊലികളഞ്ഞ്‌ കുരുനീക്കം ചെയ്‌ത കഷണങ്ങളാക്കിയത്‌) - ഒരെണ്ണം
ശര്‍ക്കര പാനി - അര ഗ്ലാസ്‌
തേങ്ങാപ്പാല്‍ - രണ്ടു തേങ്ങയുടെ
(ഒന്നാ പാലും, രണ്ടാം പാലും വേര്‍തിരിച്ചത്‌)
ഉണക്ക മുന്തിരി - 5 എണ്ണം
അണ്ടിപരിപ്പ്‌ (നെയ്യില്‍ വറുത്തത്‌) - 4 എണ്ണം
തേന്‍ - ഒരു ടീസ്‌പൂണ്‍
ഏലയ്‌ക്കാപൊടി - 4 എണ്ണത്തിന്റേത്‌
വെളുത്ത എള്ള്‌ (നെയ്യില്‍ വറുത്തത്‌) - ഒരു സ്‌പൂണ്‍
ജീരകം, ചുക്ക്‌ പൊടിച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

പപ്പായ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ രണ്ടാം പാല്‍ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ ചെറുതീയില്‍ വേവിക്കുക. ചെറിയ തിളവരുമ്പോള്‍ ശര്‍ക്കരപാനിയും തേനും ചേര്‍ക്കുക. 10 മിനിറ്റിനുശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഇതിലേക്ക്‌ ജീരക്കം, ചുക്ക്‌, ഏലയ്‌ക്കാപൊടി ഇവ ചേര്‍ത്തിളക്കുക. തിളയ്‌ക്കുന്നതിനുമുമ്പ്‌ മുന്തിരി, അണ്ടിപ്പരിപ്പ്‌, എള്ള്‌ ഇവ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാഷ്യൂ - ബദാം ഷേക്ക്‌

ബദാം (കുതിര്‍ത്ത്‌ തൊലികളഞ്ഞത്‌) - ഒരു വലിയ സ്‌പൂണ്‍
അണ്ടിപരിപ്പ്‌ - ഒരു വലിയ സ്‌പൂണ്‍
ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്‌) - കാല്‍ കപ്പ്‌
പാല്‍ - മുക്കാല്‍ കപ്പ്‌
ശര്‍ക്കര/പഞ്ചസാര - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

ബദാം, അണ്ടിപരിപ്പ്‌, ഈന്തപ്പഴം, ശര്‍ക്കര/പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കാച്ചിയ പാല്‍ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഈ കൂട്ടില്‍ ചേര്‍ത്തിളക്കി ഒരു ബൗളില്‍ പകരുക. ഇതിനു മുകളില്‍ ബദാം നടുവെ ചെറുതായി നീളത്തില്‍ മുറിച്ചത്‌ വച്ചു അലങ്കരിക്കാം.

പംപ്‌ങ്കിന്‍ സര്‍പ്രൈസ്‌

റവ - 200 ഗ്രാം
വെള്ളശര്‍ക്കര (പാനിയാക്കിയത്‌) - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - അര കപ്പ്‌
എള്ള്‌ - 50 ഗ്രാം
മത്തങ്ങ (കഷണങ്ങളാക്കിയത്‌) - 250 ഗ്രാം
ഏലയ്‌ക്കാപൊടി - ഒരു ചെറിയ സ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - ഒരു നുള്ള്‌
മത്തങ്ങാക്കുരു - ഒരു വലിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

റവയും എള്ളൂം കൂടി വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ നന്നായി ചീകിയെടുക്കുക. ഇത്‌ ശര്‍ക്കരപാനിയില്‍ ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. മത്തങ്ങാക്കുരു ചെറിയ സ്‌പൂണ്‍ നെയ്യില്‍ വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ വേകുമ്പോള്‍ ഒന്നാംപാല്‍, ഏലയ്‌ക്കാപ്പൊടി, മത്തങ്ങാക്കുരു പൊടിച്ചത്‌, ബേക്കിംഗ്‌പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കുറുകിവരുമ്പോള്‍ തീ കെടുത്തുക. ഒരു ട്രേയില്‍ അല്‍പം എണ്ണ പുരട്ടി ഈ മിശ്രിതം അതിലേക്ക്‌ പകരുക. ഒരു പരന്ന തവി ഉപയോഗിച്ച്‌ നിരത്തുക. തണുത്തശേഷം ചെറിക കഷണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്‌.

വെജ്‌ജി സൂപ്പ്‌

തക്കാളി തൊലിയോടെ
മിക്‌സിയില്‍ അടിച്ചെടുത്തത്‌ - 500 മില്ലി
നീളന്‍പയര്‍ ചെറുതായരിഞ്ഞത്‌ - 50 ഗ്രാം
കുമ്പളങ്ങ ചെറുതായരിഞ്ഞത്‌ - 25 ഗ്രാം
വെളുത്തുള്ളി ചതച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി - ആവശ്യത്തിന്‌
എള്ള്‌ - ഒരു ചെറിയ സ്‌പൂണ്‍
മുരിങ്ങയില - ഒരു ചെറിയ സ്‌പൂണ്‍
മല്ലിയില - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

തക്കാളി മിശ്രിതം തിളച്ചുവരുമ്പോള്‍ ചെറുതായി അരിഞ്ഞ നീളന്‍പയര്‍, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ്‌ കുറുകി വരുമ്പോള്‍ കുരുമുളകുപൊടി, ഉപ്പ്‌, മുരിങ്ങയില, മല്ലിയില, എള്ള്‌ എന്നിവ ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.

പപ്പായ ജാം

(പഴുത്ത പപ്പായയുടെ കുരുനീക്കം ചെയ്‌ത് ഉള്ളിലെ മാര്‍ദവമായ ഭാഗങ്ങള്‍ ഒരു സ്‌പൂണ്‍കൊണ്ട്‌ വേര്‍തിരിച്ചെടുക്കുക. അത്‌ അരിപ്പയില്‍ ഇട്ട്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ പഴക്കാമ്പ്‌ വേര്‍തിരിച്ചെടുക്കുക)
പഴകാമ്പ്‌ - 6 കപ്പ്‌
പഞ്ചസാര - 6 കപ്പ്‌
സിട്രിക്‌ ആസിഡ്‌ - 1 ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സ്‌റ്റീല്‍ പാത്രത്തില്‍ പഴക്കാമ്പെടുത്ത്‌ അടുപ്പില്‍വച്ച്‌ തവികൊണ്ട്‌ തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പഞ്ചസാര അല്‍പാല്‍പം ചേര്‍ത്ത്‌ ഇളക്കികൊണ്ടിരിക്കുക. ജാം പരുവമാകുമ്പോള്‍ സിട്രിക്കാസിഡ്‌ ചേര്‍ക്കുക.

ആല്‍മണ്ട്‌ റെയ്‌ത്ത

ബദാം (വെള്ളത്തില്‍ കുതിര്‍ത്തത്‌) - അഞ്ച്‌ എണ്ണം
കാരറ്റ്‌ - ഒരു ചെറിയ കഷണം
തേങ്ങ - ഒരു ചെറിയ സ്‌പൂണ്‍
പച്ചമുളക്‌ - ഒന്ന്‌
തൈര്‌ - അര കപ്പ്‌

തയാറാക്കുന്ന വിധം

ബദാം തൊലി കളഞ്ഞെടുക്കുക. ഇതിലേക്ക്‌ ബാക്കി ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇതിലേക്ക്‌ അധികം പുളിക്കാത്ത തൈര്‌ ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ കടുകും കറിവേപ്പിലയും വറുത്ത്‌ ഇതില്‍ ചേര്‍ക്കാവുന്നതാണ്‌.

                            അന്നാ ജിതിന്‍ വര്‍ഗീസ്‌


പച്ച ഒരു മതമാകുന്നതിന്റെ രാസവിദ്യ

സവര്‍ണ-ഫാസിസ്റ്റ്-ഫ്യൂഡല്‍ തമ്പ്രാക്കളുടെ ആര്‍ഷഭാരത നിഘണ്ടുവില്‍ പണ്ടുകാലത്ത് എഴുതിച്ചേര്‍ക്കുകയും, പിന്നീട് ഈയം ഉരുക്കിയൊഴിക്കാന്‍ പറ്റാതായ ചെവികളിലൂടെ അറിവു നേടിയ അധ:സ്ഥിതന്‍ വെട്ടിമാറ്റുകയും ചെയ്ത മണ്ണാപ്പേടി, പുലപ്പേടി, പറപ്പേടി തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ആധുനികതയുടെ കച്ചയണിഞ്ഞ മത ഭ്രാന്തന്മാര്‍ക്ക് പേടിക്കാനൊരു പുതിയ വാക്ക്. പച്ചപ്പേടി.

വാര്‍ത്തക്കു വേണ്ടി എന്തു തോന്ന്യാസവും പടച്ചുവിടാമെന്ന ചാനല്‍ ജീര്‍ണലിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി പച്ചബോര്‍ഡ് വിവാദം കത്തിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. രാജ്യാന്തര നിലവാരത്തിലേക്ക് ക്ലാസ്സ് മുറികളെ ഉയര്‍ത്തുന്നതിനും പരിസ്ഥിതി സൗഹൃദ പഠന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ നിരവധി അണ്‍ എയിഡഡ് സ്‌കൂളുകളില്‍ നിലവില്‍ പച്ച ബോര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിലും വിക്കിപീഡിയയിലും വെറുതെയൊന്ന് ബ്ലാക് ബോര്‍ഡ് എന്ന് തിരഞ്ഞാല്‍ കിട്ടുന്ന ചിത്രങ്ങളിലും വിവരങ്ങളിലും വിവിധ രാജ്യങ്ങളിലെ ബ്ലാക് ബോര്‍ഡുകള്‍ പച്ചയായതിന്റെ കഥയറിയാം.

പച്ച എന്ന നിറത്തെ ഒരു സമുദായത്തിനും പാര്‍ട്ടിക്കും തീറെഴുതിക്കൊടുത്ത് വര്‍ഗീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും പുത്തന്‍ തലങ്ങള്‍ സൃഷ്ടിക്കാനാണ് ചില ചാനലുകളും അവരെ പിന്താങ്ങുന്ന ബുദ്ധിയില്ലാത്ത ജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബ്ലാക് ബോര്‍ഡുകള്‍ പച്ച നിറമായാല്‍ എല്ലാ കുട്ടികളും നാളെ മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ ക്യൂ നില്‍ക്കുമെന്നാണോ ഇവര്‍ പറയുന്നത്..! അങ്ങനെയെങ്കില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ക്ലബ്ബുകളെയൊക്കെ പിരിച്ചു വിടേണ്ടി വരും. ഹരിത -പരിസ്ഥിതി രാഷ്ട്രീയക്കാരും പണി മതിയാക്കി വീട്ടിലിരിക്കേണ്ടി വരും.

എസ്.എസ്.എ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനത്തിനു മുന്നോടിയായി നിശ്ചയിച്ച ചടങ്ങില്‍ പങ്കെടുക്കുന്ന അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിക്കണമെന്ന ഒരു ഇടതുപക്ഷ ഉദ്യോഗസ്ഥന്റെ ഉത്തരവും ഇതേ പച്ചപ്പേടിയോടെ എതിര്‍ക്കപ്പെട്ടിരുന്നു. വിശേഷ ദിവസങ്ങളില്‍ ഒരേ വസ്ത്രം ധരിച്ച് അധ്യാപികമാര്‍ എത്തുന്ന പതിവൊന്നും മലയാളനാട്ടില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടേ ഇല്ല എന്ന മട്ടില്‍ പച്ച എന്ന നിറം മുസ്‌ലിംലീഗിന് സംവരണം ചെയ്തുകൊണ്ടുള്ള വിവാദങ്ങളാണ് അന്നു നടന്നത്. ഇനിയങ്ങോട്ട്, കാവി വസ്ത്രം ധരിച്ച സന്യാസിമാരെല്ലാം ആര്‍.എസ്.എസ്സുകാരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല. അത്രമേല്‍ അപകടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നിറങ്ങളെ മതങ്ങളാക്കി മാറ്റുന്ന രാസവിദ്യക്ക് നിങ്ങള്‍ പഠിച്ച പേര് ജേര്‍ണലിസം എന്നാണെങ്കില്‍ അതിനെ ജീര്‍ണലിസം എന്നു വിളിക്കാനാണ് മതേതര കേരളം ഇഷ്ടപ്പെടുന്നത്. മതേതരന്മാര്‍ എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നവര്‍ പോലും ഈ പ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നു എന്നത് അത്ഭുതം തന്നെ. ഒരു അധ്യാപികയെ സ്ഥലം മാറ്റിയതിനൊപ്പം ജാതിയും മതവും കൂട്ടിക്കെട്ടി ആഘോഷം നടത്തിയവര്‍ തന്നെയാണ് ഇതിനു പിന്നിലുമുള്ളത്. മുന്നേ കടന്നു പോയവര്‍ ജീവിച്ചുതീര്‍ത്ത ഈ മണ്ണിലെ സൗഹൃദത്തിന്റെ പച്ചപ്പിനെക്കുറിച്ച് തെല്ലെങ്കിലും ബോധ്യമുണ്ടായിരുന്നെങ്കില്‍ ഉള്ളിലിപ്പോഴും ഫ്യൂഡലിസത്തിന്റെയും സവര്‍ണതയുടെയും അംശങ്ങള്‍ പേറുന്ന വര്‍ത്തമാനങ്ങള്‍ അവരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. ഒരു നിറത്തെ ഒരു പാര്‍ട്ടിക്ക് പതിച്ചു നല്‍കുന്ന അത്ഭുത പ്രതിഭാസം ഇടതുപക്ഷക്കാര്‍ പോലും സംഘ്‌വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലല്ലാതെ എവിടെ നടക്കാനാണ്!

എന്നാല്‍ ശരി സര്‍, ഇനി മുതല്‍ പരിസ്ഥിതി ദിനം ആഘോഷിക്കില്ല. ഗസറ്റഡ് ഓഫീസറായാലും പച്ചമഷി കൊണ്ട് ഒപ്പിടില്ല. പച്ച പടര്‍ന്ന പുഞ്ചപ്പാടങ്ങളെ നോക്കില്ല. പ്രകൃതിയുടെ നിറത്തേക്കാള്‍ ചോരയുടെ നിറം തന്നെയാണ് നല്ലത്. അങ്ങനെയാവട്ടെ.

ഒന്നേ പറയാനുള്ളൂ, പച്ചപ്പാര്‍ന്ന പ്രകൃതി സൗന്ദര്യം പോലെ മത സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ മണ്ണിനെ പച്ചപ്പുകളൊക്കെ വെട്ടിത്തെളിച്ച് മതവിദ്വേഷത്തിന്റെ ഊഷരഭൂമിയാക്കരുത്. കേരളം എന്തായിരുന്നു എന്നറിയാന്‍ നിങ്ങള്‍ പഠിച്ചതും നിങ്ങളെ പഠിപ്പിച്ചതുമായ മതഭ്രാന്തിന്റെ പഠിപ്പു മതിയാകില്ല. കേരളം എന്താവരുത് എന്ന് ആഗ്രഹിക്കാനും കടന്നുപോയ തലമുറ കരുതിവെച്ച പച്ചപ്പുകളെക്കുറിച്ചുള്ള പഠിപ്പു വേണം. അങ്ങോട്ടുമിങ്ങോട്ടും അറിയാന്‍ വേണ്ടിയാവണം ഇനി പൊതുവിദ്യാലയങ്ങളില്‍ പഠിപ്പു നടക്കേണ്ടത്.

കിരണ്‍ തോമസ് ഫേസ്ബുക്കിലെഴുതിയ ഒരു കമന്റോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു: എസ്.എസ്.എല്‍.സിക്ക് 100% കുട്ടികളെയും വിജയിപ്പിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. ഇപ്പോഴത്തെ ഉയര്‍ന്ന വിജയ ശതമാനത്തെ എതിര്‍ക്കുന്നവരോട് ഞാന്‍ പറയുക അവര്‍ പത്ത് ജയിച്ചത് കൊണ്ട് അവരെക്കൊണ്ട് സമൂഹത്തിന് ഒരു ശല്യവും ഇല്ലല്ലോ എന്നാണ്. പക്ഷെ, അവരെല്ലാം കൂടി പിന്നീട് ജേര്‍ണലിസം പഠിച്ച് ചാനലുകളില്‍ കയറും എന്നൊന്നും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
                                                               - ഷെരീഫ് സാഗര്‍

2014, ജൂൺ 21, ശനിയാഴ്‌ച

ഭാര്യ എന്നെ പഠിപ്പിച്ചത്

അതിഥികള്‍ സമയം തെറ്റി വന്നാലും മാലാഖമാരുടെ സ്ഥാനത്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയായിരുന്നു! സ്വാര്‍ത്ഥത കാണിക്കുന്നത് പൗരുഷത്വത്തിന്റെ അടയാളമല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയതും അവള്‍ തന്നെയായിരുന്നു! വിഢ്ഢിത്തത്തിന് ചികിത്സയോ, ഓപറേഷന്‍ മുഖേനെയുള്ള പരിഹാരമോ ഇല്ലെന്നും അവളിലൂടെ എനിക്ക് മനസ്സിലായി! പനിനീര്‍ പൂവിനെ ഇഷ്ടപ്പെട്ട പുരുഷന്‍ തന്റെ ഭാര്യയെ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല! ഏറ്റവും പ്രയാസകരമായ നിരക്ഷരത വൈകാരികമരവിപ്പാണ്! തന്നെ ഉടമപ്പെടുത്തിയ സ്ത്രീയില്‍ നിന്ന് അകലാനാണ് പുരുഷന്‍ ശ്രമിക്കുക! സ്ത്രീയുടെ ഏറ്റവും അപകടകരമായ വാക്കുകള്‍ അവള്‍ പറഞ്ഞവയല്ല മറിച്ച്, പറയാതെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്!
അല്ലാഹു നമ്മെയെല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും, പക്ഷെ അവനെ എങ്ങനെ സ്‌നേഹിക്കണമെന്ന് നമുക്ക് അറിയില്ല എന്നും എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയാണ്! തന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്ന എല്ലാ ബന്ധനങ്ങളും അവള്‍ നിരസിക്കുന്നു! അവളുടെ മനസ്സിലുള്ള നിയമങ്ങളാണ് പുറമേയുള്ള ഏത് നിയമങ്ങളേക്കാളും കടുത്തത്! തന്റെ പുരുഷന്റെ മുന്‍നിര്‍ത്തിയുള്ള സ്ത്രീയുടെ ആത്മരോഷം അവളുടെ സ്വാര്‍ത്ഥതയെയല്ല, ആത്മപ്രതിരോധത്തെയാണ് കുറിക്കുന്നത്! തനിക്ക് നേരെയുള്ള ആക്രമണത്തെ ചെറുക്കുകയാണ് അവള്‍ അതിലൂടെ ചെയ്യുന്നത്! ഒരു പുരുഷന്‍ തന്റെ ഭാര്യയുടെ കൂടെ ഇരിക്കുന്നത് ഏതെങ്കിലും ഒരു രാജ്ഞിയുടെ കൂടെ ഇരിക്കുന്നത് പോലെയായിരിക്കണം! യാതൊരു വീഴ്ചയും സംഭവിക്കാതെ മുറ പോലെ കൊണ്ടാടേണ്ട ആചാരമാണ് അവളുടെ ജന്മദിനമെന്നും അവളെന്നെ പഠിപ്പിച്ചു!
ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്റെ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍  തിരിച്ചറിഞ്ഞു. ഞാന്‍ തുടങ്ങി വെച്ച സംസാരം അവള്‍ പൂര്‍ത്തീകരിച്ചപ്പോഴാണ് എനിക്കത് അനുഭവപ്പെട്ടത്! ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ മറ്റുള്ളവരും സംസാരം ഇഷ്ടപ്പെടുന്നുവെന്നും അവളെന്നെ പഠിപ്പിച്ചു. തന്നെ കളിപ്പിക്കാന്‍ ഭര്‍ത്താവ് പറയുന്ന മണ്ടത്തരങ്ങള്‍ തനിക്ക് നേരെയുള്ള ബോധപൂര്‍വമായ അപമാനമാണെന്ന് അവള്‍ പറയുന്നു! അവളുടെ ഫോണ്‍വിളികളോട് തണുപ്പന്‍ മട്ടില്‍ പ്രതികരിക്കുന്നത് ശരീരം മയക്കാതെ കീറുന്നതിനേക്കാള്‍ അവള്‍ക്ക് പ്രയാസകരമാണ്. ദാമ്പത്യ ജീവിതത്തില്‍ ചെറു കള്ളങ്ങള്‍ കടന്നുവരാമെങ്കിലും ന്യായീകരണമില്ലെങ്കില്‍ അവ പൊറുക്കപ്പെടാവതല്ല! കൂട്ടുകാരെ സ്വീകരിക്കേണ്ടത് സന്തോഷവാര്‍ത്ത സ്വീകരിക്കുന്നത് പോലെയാണ്! അവരെ യാത്രയാക്കുന്നത് സ്വന്തം കുടുംബാംഗങ്ങളെ യാത്രയാക്കുന്നത് പോലെയായിരിക്കണം. നമ്മില്‍ നിന്ന് അകന്നുപോയ സന്താനങ്ങളോട് സംസാരിക്കുന്നത് പോലെയായിരിക്കണം അവരോടുള്ള കുശലാന്വേഷണങ്ങള്‍. 
മറ്റുള്ളവരുടെ തെറ്റുകളിലേക്ക് നോക്കുന്നതിനേക്കാള്‍  സ്വന്തം തെറ്റുകളിലേക്ക് നോക്കുന്നതാണ് മനോഹരമെന്ന് പഠിപ്പിച്ചത് ഭാര്യയാണ്! വികസിക്കാനും മുന്നേറാനും കഴിയുന്ന മനുഷ്യനാണ് ജീവിക്കാന്‍ അര്‍ഹതയുള്ള മനുഷ്യന്‍. പ്രശംസാവചനങ്ങള്‍ മനോഹരമായിരിക്കണമെന്ന് നിര്‍ബന്ധമില്ല, പക്ഷെ അവ നിഷ്‌കളങ്കമായിരിക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തിലെ മൗനം ആരും കേള്‍ക്കാത്ത മോശപ്പെട്ട വാക്കുകളാണെന്ന് എന്റെ ഭാര്യ എന്നെ ഉണര്‍ത്തി! ആവശ്യപ്പെടാത്ത് നല്‍കുന്നത് താല്‍പര്യം നേടിയെടുക്കാനുള്ള തന്ത്രമാണ്. അനുഭവത്തില്‍ നിന്ന് ഉറവെടുക്കുന്ന ഒരു കര്‍മം എല്ലാ വാക്കുകള്‍ക്കും മീതെയാണ്. ഭാര്യയുടെ സംസാരത്തിന് ആവശ്യമായ പരിഗണന നല്‍കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്! ഭര്‍ത്താവിന്റെ വീഴ്ചകളെ ഭാര്യ അവഗണിക്കുന്നത് കൊണ്ട് അവളത് മറന്നുവെന്ന് കരുതേണ്ടതില്ല! ഭാര്യ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ അവളുടെ അടുത്തേക്ക് കടന്നുചെല്ലുന്നത്  ഭര്‍ത്താവ് ചെയ്യുന്ന ഭീകരകുറ്റമാണ്! സ്വയം വിശ്വാസമുള്ള ഒരു പുരുഷനും അപ്രകാരം ചെയ്യുകയില്ല. ദാമ്പത്യജീവിതത്തിന്റെ അനുഭവങ്ങളിലൂടെ ഭാര്യയെന്നെ പഠിപ്പിച്ച കാര്യങ്ങളാണിവ.