കുട്ടിക്കാലത്ത് നാം കഴിച്ചു ശീലിച്ച ഒട്ടനവധി നാടന്‍ പഴങ്ങള്‍ ഉണ്ടായിരുന്നു. വേലിയിറമ്പില്‍ നിന്ന കാരയും, തൊണ്ടിയും, ഉണ്ണിപൂച്ചെടിയുടെ പഴങ്ങളും, പേരയ്ക്കയും, നെല്ലിക്കയും സീതപ്പഴവും, ഇലന്തയും ഞാവലും അമ്പഴവുമെല്ലാം വിദ്യാലയജീവിതത്തിലെ ബാല്യകാലസ്മൃതികള്‍ ഉണര്‍ത്തുന്ന പഴങ്ങളായിരുന്നു.
സ്കൂളിലെ ഇടവേളകളില്‍ ഇത്തരം പഴങ്ങള്‍ കൂട്ടുകാരോടൊത്ത് പറിച്ച് ഭക്ഷിച്ചിരുന്നത് ഇന്നത്തെ തലമുറയ്ക്ക് പുതിയ അറിവായിരിക്കും. കാട് നാടായും, നാട് നഗരവുമായി മാറിയപ്പോള്‍ പുത്തന്‍ തലമുറയ്ക്ക് ഇത് അന്യമായിത്തീര്‍ന്നു.
നാടന്‍പഴങ്ങള്‍ നാടുവിട്ടെങ്കിലും വീട്ടു വളപ്പില്‍ നട്ടുവളര്‍ത്തുവാനും ഒഴിവു വേളകളില്‍ ആസ്വദിക്കാനും ഇപ്പോള്‍ ഇത്തരം പഴങ്ങളുടെ അത്യുത്പാദനശേഷിയുള്ള ഒട്ടനവധി പഴച്ചെടികള്‍ ലഭ്യമാണ്.
ഇലന്തപ്പഴം
പാവപ്പെട്ടവരുടെ ആപ്പിള്‍ എന്നാണ് വിളിപ്പേര്. മുള്ളുകളോടുകൂടിയ ഈ ചെറുവൃക്ഷം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ വളര്‍ന്നിരുന്നു. 1800 മീറ്റര്‍ വരെ ചൂടു പ്രദേശങ്ങളില്‍ ഇത് ഉണ്ടാകുമെങ്കിലും വരണ്ട കാലാവസ്ഥയാണ് നല്ലത്. സിക്ക് രാജാക്കന്മാരുടെ ഭക്ഷണത്തിന് പണ്ട് ഇലന്തപ്പഴം ഒഴിവാക്കാനാകാത്തതായിരുന്നു. മേരിക്കയിലെ കാലിഫോര്‍ണിയയില്‍പോലും ഇലന്തപ്പഴം സുലഭമാണ്.
elanthappazham1
റാമ്നേസി കുലത്തിലുള്ള ഇതിന്റെ സസ്യനാമം സിസിഫസ് മൗറിഷ്യാന എന്നാണ്. ജുജുബട്രീ, ബര്‍ട്രീ എന്നീ വിളിപ്പേരുകളുണ്ട്. ഇലന്തയും പുല്ലും ഇടകലര്‍ന്ന് താനേ വളരുന്ന സ്ഥലത്ത് അധികം താഴ്ചയില്ലാതെ ജലസാന്നിധ്യമുള്ളതായി അനുഭവസ്ഥര്‍ പറയുന്നു.
വീടിന്റെ കിഴക്കുഭാഗത്ത് ഇലന്ത നട്ടാല്‍ പുത്രലാഭവും, തെക്ക് വശത്തായാല്‍ ധനലാഭവും ഉണ്ടാവുമെന്ന വിശ്വാസവുമുണ്ട്. ഇതില്‍ ജീവകം എ, ബി, സി എന്നിവയ്ക്ക് പുറമെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ ഇലന്തപ്പഴത്തിന്റെ കാലമാണ്. തമിഴ്നാട്ടില്‍ നിന്നും വലസഞ്ചികളില്‍ നിറച്ച വലുപ്പമേറിയ കായ്കള്‍ക്ക് ഒരു കിലോയ്ക്ക് അറുപത് രൂപവരെ വിലയുണ്ട്.
ഒരു മീറ്റര്‍ ചതുരശ്ര അളവിലും ആഴത്തിലും കുഴികളെടുത്ത് ചാണകപ്പൊടിയും, മേല്‍ മണ്ണും നിറച്ച് രണ്ടാഴ്ച കഴിഞ്ഞ് ഒട്ടുതൈ നടാം. നടുന്ന സമയത്തോ, പുതു ഇലകള്‍ വന്നശേഷമോ, ഒരു കിലോ വേപ്പിന്‍പിണ്ണാക്കും കാല്‍കിലോ എല്ലുപൊടിയും കൂടി നല്‍കണം. വേണ്ടവിധം നനയ്ക്കണം.
ഒട്ടുതൈ ഒന്നാം വര്‍ഷം കായ്ക്കും. ആദ്യതവണ കായ് കുറയുമെങ്കിലും വളരുംതോറും കായ് എണ്ണം കൂടിവരും. മുതിര്‍ന്ന ഒരു മരത്തില്‍നിന്നും ഒരാണ്ടില്‍ 100, 150 കിലോവരെ പഴങ്ങള്‍ കിട്ടും. ഒട്ടുതൈകളുടെ കായ്കള്‍ക്ക് ചെറുനാരങ്ങയോളം വലുപ്പവും ചെറിയ കുരുവുമാണ്.
വര്‍ഷംതോറും വിളവെടുപ്പിനുശേഷം മഴക്കാലത്ത് വളപ്രയോഗം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലം കിട്ടും. ഏപ്രില്‍ മാസങ്ങളില്‍ പൂവ് വന്ന് നവംബര്‍ മുതല്‍ ജനുവരി വരെ പഴങ്ങള്‍ കാണും. വിളഞ്ഞ് പഴുത്താല്‍ ഓറഞ്ചു നിറമാകും.
പഴങ്ങള്‍ കിളികള്‍ തിന്നാതിരിക്കാന്‍ മരം മൊത്തമായി വലകൊണ്ട് മൂടാം. ചെറു മുള്ളുകളുള്ള ചെടിക്ക് കീടരോഗങ്ങള്‍ ഒന്നും വരാറില്ല. ഇരുപതു വര്‍ഷക്കാലം നിലനില്പുമുണ്ട്. കാതലില്ലാത്ത നല്ല ഉറപ്പുള്ള തടി കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കുവാനും ഉപയോഗിക്കാം.
കുരു കളഞ്ഞ പഴത്തില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് അരച്ചുണക്കിയുള്ള കൊണ്ടാട്ടം തമിഴ്നാട്ടില്‍ സാധാരണയാണ്. വിശപ്പില്ലായ്മ, ഛര്‍ദ്ദി, അഗ്നിമാന്ദ്യം, കഫോദ്രവം ഇവയെല്ലാം ഇലന്തപ്പഴം കഴിച്ചാല്‍ ഒരു പരിധിവരെ ഇല്ലാതാകും.
കിലോവെയിറ്റ് പേര
മധ്യഅമേരിക്കയാണ് ജന്മദേശം. ഏത് പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കും. നല്ല കായ്ഫലം തരും. എല്ലാവര്ക്കും പ്രിയപ്പെട്ട പഴമെന്ന ഖ്യാതിയും ഇതിനുണ്ട്. ഗ്രാമ്പൂ, കറുവ, യൂക്കാലിപ്റ്റസ് ഉള്‍പ്പെടുന്ന കുടുംബത്തിലെ ഒരംഗം കൂടിയാണ് സിഡിയം ഗുജാവ എന്ന പേര.
pera
ഇണക്കത്തോടെ ഏതു മണ്ണിലും വളരുവാനുള്ള കഴിവ് ഇതിനുണ്ട്. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ മുറ്റത്ത് വളര്‍ത്താം. വിറ്റമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ്.
100 ഗ്രാം പേരയ്ക്കയില്‍ ഒരു ഗ്രാം വിറ്റാമിന്‍ സിയുണ്ട്. ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സിയാണ് ഇതിലുള്ളത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പഴവും ഇതുതന്നെ. ദഹനേന്ദ്രിയത്തിന് ഉത്തേജനം നല്‍കാനും ഹൃദയത്തിന് ബലം കൂട്ടാനും വയറ്റിലെ വിരകളെ പുറന്തള്ളാനും പേരയ്ക്ക ഉത്തമമാണ്.
ഗര്‍ഭിണികള്‍ പേരയ്ക്ക കഴിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും മുലപ്പാല്‍ വര്‍ദ്ധനവിനും ഉപകരിക്കും. മൂപ്പെത്താത്ത പേരയ്ക്ക വൈകിട്ട് പറിച്ച് പൊട്ടിച്ച് വെള്ളത്തിലിട്ട് അതിരാവിലെ ഊറ്റിയെടുത്ത് വെള്ളം കുടിച്ചാല്‍ പ്രമേഹത്തിന് നിയന്ത്രണമുണ്ടാകും. ഇലയുടെ നീരെടുത്ത് സേവിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ അകറ്റും. പിത്തരോഗികള്‍ക്കും ഇത് നല്ലതാണ്. കണ്ണിന് കാഴ്ച കൂടൂം. മലബന്ധത്തിന് ശമനമുണ്ടാകും.
പലതരം നാടന്‍ ഇനങ്ങളും അത്യുത്പാദനശേഷി ഉള്ളതുമായ ഒട്ടനവധി പേരയിനങ്ങളും ഉണ്ട്. അലഹബാദ് സഫേദ്, ലക്നൗ, സര്‍ദാര്‍, ലക്നൗ 49, ചിട്ടിദാര്‍, റഡ് ഫഌ്ഡ്, നാഗ്പൂര്‍ സഹറാന്‍പൂര്‍ എന്നിവ ചിലതു മാത്രമാണ്. ഇവയ്ക്ക് പുറമേ അരക്കിലോയോളം തൂക്കം വരുന്ന ഭീമനായ കിലോവെയിറ്റ് എന്നറിയപ്പെടുന്ന ബാംഗ്ലൂര്‍ ഇനവും നാട്ടില്‍ പ്രചാരത്തിലുണ്ട്. പേരയ്ക്കയില്‍ മികച്ചത് കിട്ടുന്നത് അലഹബാദിലാണ്.
നന സൗകര്യമുണ്ടെങ്കില്‍ പേര എപ്പോഴും നടാം. വിത്തിട്ട്കിളിര്‍പ്പിച്ചാല്‍ തൈകള്‍ കായ്ക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ പതിവച്ച തൈകളാണ് നല്ലത്. മികച്ച ഇനങ്ങളുടെ ഉപശിഖരങ്ങളാല്‍ വായവ പതിവച്ചാണ് ഒട്ടുതൈകള്‍ ഉണ്ടാക്കുന്നത്.
തൈകള്‍ തമ്മില്‍ ആറു മീറ്റര്‍ അകലത്തില്‍ നടുന്ന രീതി അവലംബിച്ചാല്‍ മതി. കുഴിയില്‍ ഒരു ഭാഗം ആറ്റ് മണല്‍ ചേര്‍ത്താല്‍ പെട്ടെന്ന് വേരോട്ടം കിട്ടും. കഴിയുന്നതും കുഞ്ഞുതൈകള്‍ വാങ്ങി നടാതെ ചട്ടിയില്‍ വളര്‍ന്നു നില്ക്കുന്ന ഒരു മീറ്ററെങ്കിലും ഉയരമുള്ളവ വാങ്ങി നട്ടാല്‍ രണ്ടാം കൊല്ലം മുതല്‍ പഴം പറിക്കാം.
നട്ടശേഷം പുതിയ കിളിര്‍പ്പുകള്‍ വന്നാല്‍ ഒരു മീറ്ററിന് താഴെയുള്ള ശിഖരങ്ങള്‍ നീക്കം ചെയ്യണം. വര്‍ഷം തോറും മഴയ്ക്കു മുമ്പായി ഒരു ചുവടിന് 50 കിലോ ജൈവവളവും അരകിലോ വീതം യൂറിയ, സൂപ്പര്‍ ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ ചുവട്ടില്‍നിന്നും ഒരു മീറ്റര്‍ അകലത്തില്‍ വട്ടത്തിലിട്ട് മണ്ണ് ഇളക്കി കൊടുക്കണം.
ഒട്ടു തൈകള്‍ ആറാം മാസത്തില്‍ പൂവിടുമെങ്കിലും വളര്‍ച്ച മുരടിക്കാതിരിക്കാന്‍ പൂക്കളെ അടര്‍ത്തി കളയണം. ഒരു വര്‍ഷത്തിന് ശേഷം വരുന്ന കായ്കളെ നിലനിര്‍ത്തണം. സാധാരണ മരത്തില്‍ ഒരു കൊമ്പില്‍ ഒന്നും രണ്ടും കായ്കള്‍ കാണുമ്പോള്‍ കിലോ വെയിറ്റ് പേരയില്‍ ഒരു ഞെട്ടില്‍ നാലെണ്ണം വരെയുണ്ടാകും.
വിളവെടുപ്പിനുശേഷം അരക്കിലോ വീതം എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും നല്കിയാല് വീണ്ടും പൂക്കള്‍ വന്ന് വര്‍ഷം മുഴുവന്‍ കായ്കള്‍ കിട്ടും.
കായയുടെ നിറം പച്ചയില്‍നിന്നും മഞ്ഞകലര്ന്ന പച്ചനിറമാകുമ്പോള്‍ പറിച്ചെടുത്ത് പഴുപ്പിക്കാം. കുറച്ച് വിത്തും മാധുര്യമേറിയ കുഴമ്പും കിലോവെയിറ്റ് പേരയുടെ സവിശേഷതയാണ്.
ദൈനംദിന ജീവിതത്തില്‍ വിവിധ ഇനം പഴങ്ങള്‍ വീട്ടുമുറ്റത്തു തന്നെ വിളയിച്ചെടുത്താല്‍ ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങളെ അകറ്റുവാനും കഴിയും.
കടപ്പാട് : എം.പി. അയ്യപ്പദാസ് ഡൂൾ ന്യൂസ് .കോം